മോസ്‌കോ: ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഐഫോണ്‍ ബാത്ത് ടബ്ബില്‍ വീണ് 24കാരിക്ക് ദാരുണാന്ത്യം. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരി കുളിമുറിയില്‍ പോയി നോക്കുകയായിരുന്നു.

റഷ്യയിലെ അര്‍ഖാന്‍ഗെല്‍സ്‌ക്കിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 24കാരിയായ ഒലസ്യ സെമെനോവയാണ് മരിച്ചത്. കുളിക്കുന്നതിന് തൊട്ടു മുന്‍പ് ഐഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. ചാര്‍ജറില്‍ കുത്തിവെച്ചിരുന്ന ഐഫോണ്‍ ബാത്ത്ടബ്ബില്‍ വീണതാണ് അപകട കാരണം. വൈദ്യുതാഘാതമേറ്റാണ് ഒലസ്യ മരിച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരി കുളിമുറിയില്‍ പോയി നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു. ശ്വാസം എടുക്കാന്‍ കഴിയാതെ വിളറിയ നിലയിലായിരുന്നു ഒലസ്യ. ഒലസ്യയെ തൊട്ടുനോക്കിയപ്പോള്‍ തനിക്കും ഇലക്‌ട്രിക് ഷോക്ക് അനുഭവപ്പെട്ടതായി കൂട്ടുകാരി ദാരിയ പറയുന്നു.