ബാഴ്‌സലോണ: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ മികവില്‍ ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാപ്പോളിയെ തോല്‍പ്പിച്ചു. രണ്ട് പാദങ്ങളിലുമായി 4-2ന് ബാഴ്‌സ ജയിച്ചുകയറി. തുടര്‍ച്ചയായ 13-ാം തവണയാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. വെള്ളിയാഴ്ച രാത്രി നടക്കുന്ന ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്കിനെ നേരിടും.

മെസിയുടെ മിന്നും പ്രകടനമാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്. ബാഴ്‌സയുടെ തുടക്കം മോശമായെങ്കിലും 10-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. ക്ലമന്റ് ലെഗ്‌ലറ്റാണ് ഗോള്‍ നേടിയത്. കോര്‍ണര്‍കിക്ക് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. 23-ാം മിനിറ്റില്‍ മെസി സൂപ്പര്‍ ഗോളിലുടെ ബാഴ്‌സയുടെ ലീഡ് 2-0 ആക്കി. നാപ്പോളിയുടെ നാലു പ്രതിരോധതാരങ്ങളെ മറികടന്നാണ് മെസി പന്ത് ഗോള്‍വര കടത്തിവിട്ടത്.

ഉടന്‍ തന്നെ മെസി വീണ്ടും നാപ്പോളിയുടെ വലകുലുക്കി. റഫറി പക്ഷെ ഗോള്‍ അനുവദിച്ചില്ല. വാര്‍ പരിശോധനയില്‍ മെസിയുടെ കൈയില്‍ പന്ത് തട്ടിയതായി കണ്ടെത്തി. ആദ്യ പകുതിയുടെ അധികസമയത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ബാഴ്‌സയ്ക്ക് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ലൂയി സുവാരസ് അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബാഴ്‌സ 3-0ന് മുന്നില്‍. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം നാപ്പോളി ഒരു ഗോള്‍ മടക്കി. പെനാല്‍റ്റി മുതലാക്കി ലോറന്‍സോ ഇന്‍സെയ്‌നാണ് സ്‌കോര്‍ ചെയ്തത്.