വാഷിങ്ടണ്‍: രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം ‘സ്‌പേസ് എക്‌സി’ന്റെ യാത്ര തുടങ്ങി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുദിവസം മുമ്ബ് മാറ്റിവച്ച മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യമാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ യാഥാര്‍ഥ്യമായത്. അമേരിക്കന്‍ സമയം ശനിയാഴ്ച വൈകീട്ട് 3:22ന് (ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12:52ന്) ആയിരുന്നു ശാസ്ത്രജ്ഞരുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി എട്ടോടെ ഡ്രാഗണ്‍ സ്‌പേസ് സ്റ്റേഷനിലെത്തും.
നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് ‘ഡ്രാഗണ്‍ കാപ്‌സ്യൂള്‍’ എന്ന ഈ റോക്കറ്റിലെ മനുഷ്യര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രതിരിച്ചത്. 49കാരനായ ബെഹ്ന്‍കെനും 53കാരനായ ഹര്‍ലിയും മുന്‍ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000ലാണ്. ഒമ്ബത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശസഞ്ചാരികളെ സ്വന്തം രാജ്യത്തുനിന്നും കൊണ്ടുപോവുന്നത്. 2011ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.
നീല്‍ ആംസ്‌ട്രോങ് അപ്പോളോ 11 എന്ന ചന്ദ്രനിലേയ്ക്കുള്ള 1969ലെ ചരിത്രദൗത്യത്തിന് പുറപ്പെട്ടത് ഇവിടെ നിന്നാണ്. നാസയുമായി കൈകോര്‍ത്ത് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച് (ഇന്റര്‍നാഷനല്‍ സ്‌പേസ് സ്റ്റേഷന്‍) ചരിത്രം രചിക്കാനായിരുന്നു പ്രമുഖവ്യവസായി ഇലോണ്‍ മാസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ലക്ഷ്യം. എന്നാല്‍, ടേക്കോഫിന് 17 മിനിറ്റ് മുമ്ബ് കാലാവസ്ഥ വെല്ലുവിളിയെത്തുടര്‍ന്ന് ദൗത്യം മാറ്റിവയ്ക്കുകയായിരുന്നു.
ശാസ്ത്രജ്ഞര്‍ കയറിയ ക്രൂ ഡ്രാഗണ്‍ എന്ന പേടകം 24 നില കെട്ടിടത്തിന്റെ ഉയരമുള്ള ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ക്രൂ ഡ്രാഗണ്‍ പേടകം 19 മണിക്കൂര്‍ പ്രയാണത്തിന് ശേഷമാണ് ബഹിരാകാശ നിലയത്തില്‍ സന്ധിക്കുക. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. നിലയത്തില്‍ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ മൂന്നുമാസംവരെ പരീക്ഷണങ്ങളില്‍ മുഴുകും. അതിന് ശേഷം സഞ്ചാരികളുമായി തിരിച്ചുവരുന്ന ക്രൂ ഡ്രാഗണ്‍ പേടകം അറ്റ്ലാന്റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യും.