ടോവീനോ തോമസ് നായകനായി ആന്‍റോ ജോസഫ് നിര്‍മിച്ച കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ടെലിവിഷനില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഒരു സിനിമ തിയേറ്റര്‍ റിലീസിന് മുമ്ബ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. ഏഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്‍റെ ആദ്യ പ്രദര്‍ശനം.

ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഡയറക്‌ട് ഒടിടി റിലീസുകളെ എതിര്‍ത്തിരുന്ന തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്, ആന്‍റോ ജോസഫിന്‍റെ സിനിമയ്ക്ക് ഇളവനുവദിക്കുന്നതായി പിന്നാലെ പ്രസ്താവനയും ഇറക്കിയിരുന്നു. ചിത്രത്തിന്റെ ഒരു വലിയ ശതമാനം വ്യാജ പ്രിന്‍റായി പുറത്തിറങ്ങിയതായി ആന്‍റോ ജോസഫ് അറിയിച്ചതായി ഫിയോക്ക് ജനറല്‍ സെക്രട്ടറി എം.സി ബോബി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആന്‍റോ ജോസഫിന് പ്രത്യേക ഇളവ് നല്‍കിയതായി ഫിയോക് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നത്.

ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക. നേരത്തേ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. രാംഷി അഹമ്മദ്, ആന്‍റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. മാര്‍ച്ച്‌ 12ന് തീയേറ്ററുകളില്‍ എത്തേണ്ട ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു.