ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു. 66 വയസായിരുന്നു. ബെറ്റി റൈറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവരുടെ മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്. മിയാമിയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. കാന്‍സറിനെ തുടര്‍ന്ന് ഏറെ നാളുകളായി ഇവര്‍ ചികിത്സയിലായിരുന്നവെന്നാണ് റിപ്പോര്‍ട്ട്.

1975 ല്‍ കെസി, സണ്‍ഷൈന്‍ ബാന്‍ഡ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ബെറ്റി രചിച്ച്‌ പാടിയ ‘വെയര്‍ ഈസ് ദ ലവ്’ എന്ന ഗാനത്തിനാണ് ബെറ്റി റൈറ്റിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. ‘ക്ലീന്‍ അപ്പ് വുമണ്‍’ ആണ് ബെറ്റിയെ പ്രശസ്തയാക്കിയത്. ബെറ്റിക്ക് 17 വയസ് മാത്രമുള്ളപ്പോള്‍ റെക്കോര്‍ഡ് ചെയ്ത ഈ ഗാനം ബില്‍ബോര്‍ഡ് ആര്‍ ആന്റ് ബി വിഭാഗത്തിലെ ടോപ്പ് 10 ഹിറ്റുകളില്‍ ഇടംനേടിയിട്ടുണ്ട്.

1953 ല്‍ മിയാമിയിലായിരുന്നു ബെറ്റി റൈറ്റിന്റെ ജനനം. ബെസ്സി റെജീന നോറിസ് എന്നായിരുന്നു ആദ്യ നാമം. 1968 ലാണ് ബെറ്റിയുടെ ആദ്യ ആല്‍ബം പുറത്തുവരുന്നത്. ടോപ്പ് 40 ഹിറ്റില്‍ ഈ ഗാനം ഇടംപിടിച്ചു. ക്ലീന്‍ അപ്പ് വുമണിന് ശേഷം ബെറ്റിയെ ശ്രദ്ധേയയാക്കിയത് 1973ല്‍ പുറത്തിറങ്ങിയ ഗാനമാണ്. ‘വിസില്‍ രജിസ്റ്റര്‍’ എന്നറിയപ്പെടുന്ന ബെറ്റിയ്ക്ക് മാത്രം സ്വന്തമായ ആലാപന ശൈലി താരം ആദ്യമായി പുറത്തെടുക്കുന്നത് ഈ ഗാനത്തിലൂടെയായിരുന്നു.