ഗോരഖ്പൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട 23,000 പേരുടെ പട്ടിക തയ്യാറാക്കിയതായി ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീകാന്ത് തിവാരി.

ജനുവരി ഫെബ്രുവരി മാസങ്ങളിലായി കൊവിഡ് വാക്‌സിന്‍ വിതരണം നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനുവേണ്ട തയ്യാറെടുപ്പുകളും നടത്തമെന്ന് നിര്‍ദേശമുണ്ടായിരുന്നു. അതനുസരിച്ച്‌ മൂന്ന് തരം തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്. ആദ്യ ഘട്ടമെന്ന നിലയില്‍ മുന്‍നിര പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി. അതില്‍ ഡോക്ടര്‍മാര്‍ മുതല്‍ ആശുപത്രി ജീവനക്കാര്‍ വരെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നു. സ്വകാര്യ, പൊതു മേഖലാ തരംതിരിവില്ല. അതനുസരിച്ച്‌ 23,000 പേരുടെ പട്ടികയും തയ്യാറാക്കി- തിവാരി പറഞ്ഞു.

വാക്‌സിന്‍ സൂക്ഷിക്കാന്‍ മൂന്ന് സ്‌റ്റോറേജ് തയ്യാറായിട്ടുണ്ട്. മൂന്ന് ഡീപ് ഫ്രീസറുകള്‍ സജ്ജീകരിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതുമുതല്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 11നുള്ളില്‍ കൊവിഡ് വാക്‌സിന്‍ ലഭിച്ചുതുടങ്ങുമെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.

വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ എത്തിച്ചേരും. സംസ്ഥാനം കൊവിഡിനെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ മരണനിരക്ക് 8 ശതമാനമാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ 1.04 ശതമാനം മാത്രമണ്- യോഗി ആദിത്യനാഥ് പറഞ്ഞു.

ഫൈസര്‍ , സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് തുടങ്ങിയ കമ്ബനികളാണ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്.