കലിഫോർണിയ ∙ ഇന്ത്യൻ അമേരിക്കൻ ജർണലിസ്റ്റ് ഗീതാ ആനന്ദിനെ കലിഫോർണിയ യൂണിവേഴ്സിറ്റി ബെർക്കിലി ഗ്രാജ്വറ്റ് സ്കൂൾ ഓഫ് ജർണലിസം ഡീനായി നിയമിച്ചു. ജർണലിസ്റ്റ് എന്ന നിലയിൽ 27 വർഷത്തെ പ്രവർത്തനപരിചയമാണ്ടു ഗീതയ്ക്ക്.

യൂണിവേഴ്സിറ്റി ചാൻസലർ കാരൾ ക്രിസ്റ്റാണ് വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. 2018 ൽ യൂണിവേഴ്സിറ്റിയിൽ അധ്യാപികയായ ഗീതാ ആനന്ദ് ഇൻവെസ്റ്റിഗേറ്റീവ് റിപോർട്ടിങ് പ്രോഗ്രാം ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. വെർമോണ്ട് ലോക്കൽ ഗവൺമെന്റിൽ റിപ്പോർട്ടറായി മാധ്യമ രംഗത്തേക്ക് കടന്നുവന്ന ഗീത ബോസ്റ്റൺ ഗ്ലോബിന്റെ സിറ്റി ഹാൾ ബ്യൂറോ ചീഫായി പ്രവർത്തിച്ചിരുന്നു.

പത്തുവർഷത്തോളം ന്യുയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ഫോറിൻ എന്നിവയുടെ കറസ്പോണ്ടന്റായി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. 2004 ൽ പുലിറ്റ്സർ പ്രൈസ് ഫൈനലിസ്റ്റുകളുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

നിരവധി ഇൻവെസ്റ്റിഗേറ്റീവ് ആർട്ടിക്കിൾസും ദ ക്യുർ (THE CURE) എന്ന നോൺ ഫിക്ഷൻ പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് ഗീത.