ഫിലഡൽഫിയ∙ ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക, കീർത്തികേട്ട പാർലമെന്റേറിയൻ എൻ.കെ. പ്രേമചന്ദ്രൻ എം പി ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത പത്രപ്രവർത്തകൻ ജോർജ് കള്ളിവയലിൽ ലോഗോ പ്രകാശനം ചെയ്തു. ലെജിസ്ലേച്ചർ ഡോ. ആനീ പോൾ അധ്യക്ഷയായി.
അമേരിക്കൻ മലയാളി അംബ്രല്ലാ സംഘടനാ സാരഥികളായ അനിയൻ ജോർജ്, മാധവൻ നായർ, ജനനി മാസിക ചീഫ് എഡിറ്റർ ജെ മാത്യുസ്, നിരൂപകനും കവിയുമായ പ്രൊഫസർ കോശി തലയ്ക്കൽ, വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവ് അശോകൻ വേങ്ങശ്ശേരി, നാടക കലാകാരൻ ജോർജ് ഓലിക്കൽ, ഫൊക്കാനാ മുൻ ജനറൽ സെക്രട്ടറി സുധാ കർത്താ, പ്രസ് ക്ളബ് മുൻ ദേശീയ ജനറൽ സെക്രട്ടറി വിൻസൻ്റ് ഇമ്മാനുവേൽ, ലീഡർ ഫീലിപ്പോസ് ചെറിയാൻ, ഓർമാ മുൻ പ്രസിഡന്റ് ജോസ് ആറ്റുപുറം, സാമൂഹ്യ പ്രവർത്തകൻ സിബിച്ചൻ ചെമ്പ്ളായിൽ എന്നിവർ ആശംസകൾ പ്രസംഗിച്ചു. ഗാന്ധി സ്റ്റഡി സർക്കിൾ അഡ് ഹോക് ചെയർമാൻ ജോർജ് നടവയൽ സ്വഗതവും റോഷൻ പ്ളാമൂട്ടിൽ നന്ദിയും പ്രകാശിപ്പിച്ചു.
ഭാരതത്തെ വീണ്ടെടുക്കുവാനും ലോകത്തെ സമാധാനത്തിലേക്കു നയിക്കുവാനും ഗാന്ധിതത്വങ്ങൾ പ്രയോഗത്തിലാക്കുക എന്നതു മാത്രമേ മാർഗമായുള്ളൂ എന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി പ്രസ്താവിച്ചു. മത നിരപേക്ഷ രാഷ്ട്രമെന്ന ഗാന്ധി സ്വപ്നം തകർക്കപ്പെടുന്ന ഇന്നത്തെ ദുരവസ്ഥയിൽ ഗാന്ധി മൂല്യങ്ങളുടെ പ്രസക്തി വിവരണാതീതമാണ്. ഭാരതത്തിൽ നടമാടുന്ന ജനവിരുദ്ധ-സ്ത്രീവിരുദ്ധ-ഗ്രാമീണ കർഷക വിരുദ്ധ ഭരണ നടപടികൾക്കെതിരേ ഉയരുന്ന രോഷം വ്യക്തമാക്കുന്നത്, ഗാന്ധി വിരുദ്ധത പുലർത്തുന്ന രാഷ്ട്രീയ കക്ഷികൾക്കു പോലും ഗാന്ധി തത്വങ്ങളെ തമസ്കരിക്കുവാനാവുകയില്ല എന്നാണ്. അമേരിക്കയിലെ മലയാളികളും ഇന്ത്യക്കാരും ഗാന്ധി സ്റ്റഡിസർക്കിൾ അമേരിക്ക എന്ന സഹവർത്തിത്വ സംഘാടനം തേടുന്നത് മാർഗദീപമാകും.
അമേരിക്കൻ മലയാളികളുടെ ഗാന്ധി സ്റ്റഡി സർക്കിൾ , ഇതുവരെയുള്ള അസ്സോസിയേഷൻ-ഓർഗനൈസേഷൻ പ്രവർത്തനങ്ങളിൽ നൂതനമായ കാഴ്ച്ചപ്പട് നിറയ്ക്കുവാൻ വഴിതെളിയ്ക്കുമെന്ന് മുതിർന്ന പത്രപ്രവർത്തകൻ ജോർജ് കള്ളിവയലിൽ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യൻ അമേരിക്കൻ അസ്സോസിയേഷനുകളുടെ സംഘടനാഭൂമികയായ അമേരിക്കൻ സാമൂഹ്യ വേദിയിൽ, ‘സ്റ്റഡി സർക്കിളിൾ ശൈലിയുടെ’ നൂതന അദ്ധ്യായം കുറിക്കുകയാണ് ഗാന്ധി സ്റ്റഡി സർക്കിൾ പ്രവർത്തകർ. ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ലോഗോയിൽ വ്യക്തമാക്കുന്ന മഹാത്മാക്കളുടെ ആദർശങ്ങളും ഗാന്ധി തത്ത്വങ്ങളും വരും തലമുറകളുടെ ശ്രദ്ധയിൽ കെടാതെ നിറയ്ക്കുക എന്ന ദൗത്യം ഏറ്റെടുക്കുവാൻ കഴിയണണം.
എബ്രാഹം ലിങ്കന്റെയും മാർടിൻ ലൂതർ കിങ്ങിന്റെയും നാട്ടിൽ മഹാത്മാഗാന്ധിയുടെ നാമധേയത്തിൽ സ്റ്റഡി സർക്കിൾ ഉണ്ടായിരിക്കുന്നത് പുതിയ ദിശാബോധത്തെയാണ് കുറിക്കുന്നതെന്ന് ലെജിസ്ലേച്ചർ ഡോ. ആനീ പോൾ സൂചിപ്പിച്ചു.
ഗാന്ധി സ്റ്റഡി സർക്കിൾ മറ്റ് അസ്സോസിയേഷനുകളെ പോലെയുള്ള സംഘടനാ പ്രവർത്തനമല്ല, മറിച്ച് കൂട്ടു പഠനത്തിലൂടെ ഗാന്ധി തത്വങ്ങളിലേക്കുള്ള കയ്യെത്തി പിടിക്കലാണ് ലക്ഷ്യമിടുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞൂ എന്ന് അനിയൻ ജോർജ് പറഞ്ഞു. ഗാന്ധിയുടെ നോൺ വയലൻസ് എന്ന മാർഗം മനുഷ്യത്വത്തിന്റെ മകുടമാണെന്ന് മാധവൻ നായർ പറഞ്ഞു. ഗാന്ധിയുടെ മാതൃക അല്പമെങ്കിലും അനുകരിക്കുവാൻ കഴിഞ്ഞാൽ തന്നെ ലോകത്തുള്ള കാലുഷ്യങ്ങൾ കുറയ്ക്കാനാവുമെന്ന് ജെ. മാത്യൂ പറഞ്ഞു. സ്വജീവിതത്തിൽ പ്രയോഗിച്ച് വിജയിച്ച തത്വങ്ങൾ മാത്രമാണ് ഗാന്ധിമാർഗമായി അനുവർത്തിക്കുവാൻ മോഹൻദാസ്സ് മുന്നോട്ടു വച്ചിട്ടുള്ളൂ എന്നതാണ് ഗാന്ധ്ധിയെ മഹാത്മാവാക്കുന്നത്; പ്രൊഫസർ കോശി തലയ്ക്കൽ ചൂണ്ടിക്കാണിച്ചു. ഡോ. അംബേദ്കറെപ്പോലുള്ളവർ വിയോജിച്ച മേഖലകളിൽ പോലും സഹിഷ്ണുതയുടെ മാർഗം പുലർത്തി എന്നത് ഗാന്ധിയുടെ മഹാത്മാ പരിണാമത്തിന്റെ കനലായി പരിശോഭിക്കുന്നൂ എന്ന് അശോകൻ വേങ്ങശ്ശേരി നിരീക്ഷിച്ചു.
“മനുഷ്യത്വത്തിന്റെ മണിമുഴക്കം” എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക രൂപമാർജ്ജിച്ചിരിക്കുന്നത് എന്ന് ജോർജ് ഓലിക്കൽ നിരീക്ഷിച്ചു. മഹാത്മാഗാന്ധിയുടെ സത്യഗ്രഹ ആശയങ്ങൾക്ക് മറ്റെന്നേക്കാളും പ്രസക്തിയുള്ള ഈ നൂറ്റാണ്ടിൽ, അമേരിക്കയിലെയും ഭാരതത്തിലെയും മഹാത്മാക്കളുടെ മഹത്ദർശ്ശനങ്ങളെ കൂട്ടുചേർത്ത് ജീവിതപാഠമാക്കുന്നതിന്, ആധുനിക ആശയവിനിമയ മാദ്ധ്യമങ്ങളെ ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക ഉപയുക്തമാക്കുമെന്ന് ഫീലിപ്പോസ് ചെറിയാൻ വ്യക്തമാക്കി.