ദോഹ : ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളുടെ കൊച്ചിയിലേക്കുള്ള വിമാന യാത്രാ തീയതിയില്‍ മാറ്റം. പ്രവാസികളേയും കൊണ്ട് നാളെ ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി. വൈകിട്ട് പ്രാദേശിക സമയം ഏഴിന് ദോഹയില്‍ നിന്ന് വിമാനം കൊച്ചിക്ക് പുറപ്പെടും.

ഗള്‍ഫില്‍ നിന്ന് തന്നെ പുറപ്പെടേണ്ടിയിരുന്ന ആദ്യ മടക്ക യാത്രാവിമാനമായിരുന്നു നാളെ 11.30ന് ദോഹയില്‍ നിന്നുള്ള വിമാനം. 200 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിന്റെ നടപടിക്രമങ്ങളെല്ലാം ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ കാരണമെന്നാണ് സൂചന.
യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐസിസി) ഇന്ന് രാവിലെ തുടക്കമായി. എയര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ഐസിസിയില്‍ നേരിട്ടെത്തിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നത്. കൊച്ചിയിലേക്ക് 16,000 ഇന്ത്യന്‍ രൂപയാണ് നിരക്ക്. അതേസമയം ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാന സമയത്തില്‍ മാറ്റമില്ല.