കർഷക പ്രക്ഷോഭം ദുർബലപ്പെടുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ഉദ്യേശമെന്ന് കർഷക സംഘടനകളുടെ ആരോപണം. കർഷക സംഘടനകൾക്കിടയിൽ ഭിന്നതയെന്ന പ്രചാരണം കർഷക നേതാക്കൾ തള്ളി. അതേസമയം, കർഷക സംഘടനകളുമായി ആറാം വട്ട ചർച്ചയ്ക്ക് കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. പ്രക്ഷോഭം കടുപ്പിക്കാൻ തീരുമാനിച്ചതോടെ, ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷാ സന്നാഹം വർധിപ്പിച്ചു.

കർഷക പ്രക്ഷോഭത്തിന്റെ പതിനഞ്ചാം ദിവസവും സിംഗു അടക്കം സമരവേദികൾ സജീവമാണ്. കർഷക സംഘടനകൾക്കിടയിൽ ഭിന്നതയെന്ന പ്രചാരണം നേതാക്കൾ തള്ളി. കേന്ദ്രസർക്കാരിന്റെ അഞ്ചിന നിർദേശങ്ങൾ തള്ളാനും, നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരാനും തീരുമാനിച്ചത് ഏകകകണ്ഠമായാണ്. കോർപറേറ്റുകൾക്കെതിരെ സമരം ശക്തമാക്കും. കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ കർഷക നേതാക്കൾ, പ്രക്ഷോഭത്തിന് ഡൽഹിയിലെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു. കർഷക സമരത്തിന്റെ വിജയത്തിനായി അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനാചടങ്ങുകൾ സംഘടിപ്പിച്ചു. പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈമാസം പതിനേഴിന് ചണ്ഡീഗഡിലാണ് യോഗം.