ക്ലാസ് മുറിയിൽ സഹപാഠിയെ വിവാഹം കഴിച്ച പെൺകുട്ടിയെ വീട്ടിൽ കയറ്റാതെ മാതാപിതാക്കൾ. ഇതേ തുടർന്ന് പെൺകുട്ടിക്ക് ആന്ധ്രാ മഹിളാ കമ്മീഷൻ അഭയം നൽകി. പെൺകുട്ടിക്ക് കൗൺസിലിൻ നൽകുന്നതിനായി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആൺകുട്ടിയുടെ ബന്ധുക്കളുമായും മഹിളാ കമ്മീഷൻ സംസാരിച്ചു.

ആന്ധ്രാപ്രദേശിലെ രാജമുണ്ടേരിയിലുള്ള സ്കൂളിലാണ് പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. വിവാഹം കഴിച്ച വിദ്യാർത്ഥികളേയും ദൃശ്യങ്ങൾ പകർത്തിയ സുഹൃത്തിനേയും സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്ന് അധികൃതർ പിന്നീട് വ്യക്തമാക്കി.