ക്രൈസ്തവ സഭാ സ്വത്തുക്കള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് ചര്‍ച്ച്‌ ആക്‌ട് നടപ്പാക്കണമെന്ന് മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച്‌ ആക്‌ട് അസോസിയേഷന്‍ (മക്കാബി ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റിലീജ്യസ് പ്രോപ്പര്‍ട്ടി ആക്ടിന്റെ അഭാവം മൂലമാണ് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ കോടതി വിധികളുടെ പേരില്‍ വിഷയങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ കാലതാമസമില്ലാതെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ട് വെച്ച ‘ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച്‌ പ്രോപ്പര്‍ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ -2009 ‘ കരട് നിയമം സംസ്ഥാന സര്‍ക്കാര്‍ നിയമമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നിലവില്‍ മൗലികവാകാശം കൂടിയായ ഈ സിവില്‍ നിയമത്തിന്റെ അഭാവത്തില്‍ യാക്കോബായ പളളികളില്‍ നിന്നും വിശ്വാസികള്‍ പുറത്താക്കപ്പെടുന്നത് ലോകം കാണുകയാണ്.ചര്‍ച്ച്‌ ആക്‌ട് നടപ്പാക്കുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ചര്‍ച്ച്‌ ആക്‌ട് മൂവ്‌മെന്റുകളുടെ നേതാവ് ബാര്‍ യൂഹന്നാന്‍ റമ്ബാന്‍ പിറമാടം ഗെദ് സീമോന്‍ ദയറായില്‍ നടത്തുന്ന നിരാഹാര സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മക്കാബി ജനറല്‍ സെക്രട്ടറി അഡ്വ ബോബന്‍ വര്‍ഗീസ്, ഫാ ജോയി ആനിക്കുഴി, ജോയ് കെ പി , ബെന്നി പോള്‍ , മാത്യു പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.