കൊച്ചി: രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളിലെ കുറ്റസമ്മതമൊഴിയും അന്വേഷണ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി ചര്‍ച്ചയാക്കുന്ന പ്രവണതക്ക് അന്ത്യം കുറിക്കേണ്ടതുണ്ടെന്ന് ഹൈകോടതി. പൊതുസമൂഹം ശ്രദ്ധിക്കുന്ന ഗൗരവമുള്ള കേസുകളില്‍ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. കൂടത്തായി കൊലപാതക പരമ്പരയിലെ ഒരു കേസില്‍ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെന്റ മുന്നറിയിപ്പ്.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെ അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങള്‍ പുറത്തുവിടാന്‍ അധികാരമില്ലെന്നും ഇത് കോടതിയലക്ഷ്യമാകുമെന്നും മുരുകേശന് കേസില്‍ ഹൈകോടതി വ്യക്തമാക്കിയതാണ്. എന്നാല്‍, സെന്‍സേഷനല്‍ കേസുകളില്‍ അന്വേഷണത്തിെന്റ വിശദാംശങ്ങള്‍ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തു വരുകയാണ്. പൊലീസിനു നല്കുന്ന കുറ്റസമ്മതമൊഴി നിയമത്തിെന്റ കണ്ണില്‍ ശക്തമായ തെളിവായി അംഗീകരിക്കപ്പെടുന്നതല്ല.
തങ്ങളുടെ വ്യാഖ്യാനത്തിന് ആധികാരികത വരുത്താന്‍ ചിലമാധ്യമങ്ങള്‍ പൊലീസിനെയടക്കം ഉദ്ധരിക്കാറുണ്ട്. ക്രിമിനല്‍ കുറ്റാന്വേഷണത്തിെന്റ അടിസ്ഥാനമറിയുന്നവര് ഇത്തരം വാര്‍ത്തകള്‍ നാണക്കേടുകൊണ്ട് അവഗണിക്കുകയാണ് പതിവ്. അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത് അച്ചടക്കലംഘനവും കോടതികള്‍ക്ക് മേല്‍ സമ്മര്ദമുണ്ടാക്കലുമാണെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം മുറ ഉപയോഗിച്ചുവരെ ശേഖരിക്കുന്ന ഈ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കണമെന്നില്ല. മാധ്യമങ്ങള്‍ നല്കുന്ന വിവരങ്ങള്‍ ശരിയെന്ന് ധരിച്ചിരിക്കുന്ന പൊതുജനത്തിന് ഇതിന് വിരുദ്ധമായ വിധിയുണ്ടാകുമ്പോള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. കോടതിവിധി തെറ്റാണെന്ന് പൊതുജനം വിലയിരുത്താനുമിടയാക്കും.
ചട്ടം ലംഘിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് കോടതിക്കറിയാം. അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കരുതെന്ന നിയമം ലംഘിച്ചാല്‍ പൊലീസായാലും മാധ്യമങ്ങളായാലും ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഉത്തരവ് ഡി.ജി.പിക്ക് കൈമാറാന്‍ നിര്‍ദേശിച്ച കോടതി, പൊലീസിെന്റ ഭാഗത്തുനിന്ന് നിയമലംഘനമുണ്ടായാല്‍ അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.