മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച്ച മുതല്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അഫ്രീദി പറയുന്നു. ‘വ്യാഴാഴ്ച്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം’ എന്നാണ് അഫ്രീദിയുടെ ട്വീറ്റ്.
പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. സ്‌കോട്ലന്‍ഡിന്റെ മജീദ് ഹഖ്, ദക്ഷിണാഫ്രിക്കന്‍ താരം സോളോ എന്‍ക്വേനി എന്നീ ക്രിക്കറ്റ് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ പ്രതിസന്ധിയിലായ പാകിസ്താനികളെ സഹായിക്കാന്‍ അഫ്രീദി ഫൗണ്ടേഷന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.