ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ മികച്ചതാണെന്ന് തെളിയിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ലോകകപ്പ് ജയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. 2019ലെ ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം ഒരു മികച്ച നാലാം നമ്ബര്‍ ബാറ്റ്സ്മാന്‍ ഇല്ലാത്തത് ആണെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ഒരു ഐ.സി.സി കിരീടം ഇതുവരെ സ്വന്തമാക്കിയിട്ടില്ല.

ഏഷ്യ കപ്പ് കിരീടം നേടുന്നത് മികച്ച കാര്യമാണെന്നും എന്നാല്‍ ഒരു ക്യാപ്റ്റനെ നിര്‍വചിക്കുന്നത് ലോകകപ്പുകള്‍ ജയിക്കുമ്ബോഴാണെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് 3 ബാറ്റ്സ്മാന്‍മാര്‍ വളരെ മികച്ചവര്‍ ആയിരുന്നെന്നും എന്നാല്‍ ഇന്ത്യയുടെ നാലും അഞ്ചും നമ്ബറിലുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക് ദീര്‍ഘ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.