ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വികസ്വര രാജ്യങ്ങള്‍ക്ക് 200 മില്യണ്‍ പൗണ്ട് സഹായ വാഗ്ദാനവുമായി യുകെ. അഭയാര്‍ഥി ക്യാമ്ബുകളില്‍ കൈകഴുകല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും ഈ പണം വിനിയോഗിക്കാം. വിദേശത്തെ ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് യുകെയില്‍ വൈറസിന്റെ രണ്ടാംഘട്ടത്തെ തടയാന്‍ സഹായിക്കുമെന്നും അന്താരാഷ്ട്ര വികസന സെക്രട്ടറി ആന്‍ മാരി ട്രെവലിയന്‍ പറഞ്ഞു.
മഹാമാരിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമായി മൊത്തം 774 മില്യണ്‍ പൗണ്ടാണ് ബ്രിട്ടണ് സംഭാവന നല്‍കിയത്. പുതുതായി പ്രഖ്യാപിച്ച 200 മില്യണ്‍ പൗണ്ട് ധനസഹായത്തില്‍ 130 മില്യണ്‍ പൗണ്ടും യുഎന്‍ ഏജന്‍സികളിലേക്ക് പോകും. അതില്‍ 65 മില്യണ്‍ പൗണ്ടും ലോകാരോഗ്യ സംഘടനയ്ക്കാണ് നല്‍കുന്നത്. റെഡ് ക്രോസിനും സര്‍ക്കാരിതര ചാരിറ്റി സംഘടനകള്‍ക്കുമാണ് ബാക്കിതുക നല്‍കുന്നത്.
പകര്‍ച്ചവ്യാധിയെ നേരിടാന്‍ ദരിദ്ര രാഷ്ട്രങ്ങളെ സഹായിച്ചില്ലെങ്കില്‍ കോവിഡ് രണ്ടാംഘട്ടം ലോകത്ത് വ്യാപിക്കുമെന്ന് യുഎന്‍ സമ്ബന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.