ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് മൂലം ഡല്‍ഹിയില്‍ 13 പേര് മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണനിരക്കാണിത്. 406 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
കോവിഡ് ബാധയും മരണസംഖ്യയും ഏറി വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നടപടികള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി. പൊതുഗതാഗതം, മാര്‍ക്കറ്റുകള്‍ തുറക്കല്‍, സന്പദ്വ്യവസ്ഥ പരിപാലനം, സാമൂഹിക അകലം തുടങ്ങിയവ സംബന്ധിച്ച് പൊതു ജനങ്ങളോട് നിര്‍ദേശങ്ങള്‍ നല്‍കാനാണ് കേജരിവാള്‍ അഭ്യര്‍ഥിച്ചത്. മെയ്15നകം സംസ്ഥാന മുഖ്യമന്ത്രിമാര്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേജരിവാള്‍ ജനാഭിപ്രായം തേടുന്നത്. അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7,639 ആയി. 86പേര് മരിച്ചു. 2512 പേര് സുഖം പ്രാപിച്ചു.