തിരുവനന്തപുരം: കോവിഡ് 19 രോഗപ്രതിരോധത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രി മാനേജ്മെന്റുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതിനുള്ള പദ്ധതി ചര്‍ച്ച ചെയ്തു.
പ്രായമായവര്‍, മറ്റു രോഗികള്‍, വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവര്‍ തുടങ്ങിയവരുമായൊക്കെ ഡോക്ടര്‍മാര്‍ക്ക് സംവദിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പുവരുത്തും. ഈ സംവിധാനത്തിലേയ്ക്ക് വരാന്‍ തയാറാകുന്ന ഡോക്ടര്‍മാരുടെ ലിസ്റ്റ് പഞ്ചായത്തടിസ്ഥാനത്തില്‍ തയാറാക്കും.
ആവശ്യമായ കിറ്റ്, മരുന്ന്, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവ സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരും ആ നിലയ്ക്കാണ് ചിന്തിക്കുന്നത്. പിപിഇ കിറ്റ്, മാസ്ക് എന്നിവ കേരളത്തില്‍ തന്നെ നിര്‍മിക്കാന്‍ തുടങ്ങിയതിനാല്‍ ആ പ്രശ്നം പരിഹരിക്കാനാകും.
അടുത്ത മൂന്നോ നാലോ മാസത്തെ നിലയും പ്രതീക്ഷിക്കാവുന്ന അധിക ചികിത്സാഭാരവും കണക്കാക്കി പിപിഇ കിറ്റ്, എന്‍ 95 മാസ്ക്, ഓക്സിജന്‍ സിലിണ്ടര്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പരമാവധി കരുതണം. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണമുണ്ടെന്നും ഒപ്പമുണ്ടെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.