റോം: യൂറോപ്പില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഈസ്റ്റര്‍ ദിനത്തില്‍ ഇറ്റലിയില്‍ നിന്ന് ആശ്വാസ വാര്‍ത്തയാണ് വരുന്നത്. കഴിഞ്ഞ മുന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്ബോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഈസ്റ്റര്‍ ദിനത്തില്‍ ഇറ്റലിയിലേത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇറ്റലി മരണസംഖ്യയിലും പുതിയ കേസുകളിലും ചെറിയ ആശ്വാസം കണ്ടിട്ടുണ്ട്. ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്. ഇതോടെ ഇറ്റലിയിലെ ആകെ മരണം 19,899 ആയി. ഇറ്റലി 4092 കേസുകള്‍ ഉള്‍പ്പടെ ആകെ 1,56,363ല്‍ എത്തി. ഇതുവരെ 34211 പേരാണ് ഇറ്റലിയില്‍ രോഗമുക്തി നേടിയത്.
ഫ്രാന്‍സിലും സ്പെയിനിലും സ്ഥിതിയില്‍ ആശാവഹമായ ചെറിയ മാറ്റമുണ്ട്. ഫ്രാന്‍സിലെ 4,785 പുതിയ കേസുകള്‍ ഉള്‍പ്പടെ ആകെ 1,29,654 കേസുകള്‍ സ്ഥിരീകരിച്ചു. സ്പെയിനില്‍ പുതിയ കേസുകളും മരണനിരക്കും കുറയുകയാണ്. ഇതുവരെയായി 1,66,019 സ്ഥിരീകരിച്ചു. മരണം ആകെ 16,972 ആണ്. രോഗത്തിന്റെ രൂക്ഷത കുറയുമെന്ന പ്രതീക്ഷയിലാണ് ഈ രാജ്യങ്ങള്‍.