ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് അ​നാ​ഥ​രാ​യ ഒ​രു കു​ട്ടി​യും രാ​ജ്യ​ത്ത് പ​ട്ടി​ണി കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നു സു​പ്രീം കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​നാ​യി കാ​ത്തി​രി​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. 2020 മാ​ര്‍​ച്ചി​നു ശേ​ഷം കോ​വി​ഡ് മൂ​ലം അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ രാ​ജ്യ​ത്തെ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ കേ​സെ​ടു​ത്താ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് എ​ത്ര കു​ട്ടി​ക​ളാ​ണ് അ​നാ​ഥ​രാ​യ​തെ​ന്നോ പ​ട്ടി​ണി​യി​ലാ​യ​തെ​ന്നോ അ​റി​യി​ല്ലെ​ന്നു കേ​സ് പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് എ​ല്‍. നാ​ഗേ​ശ്വ​ര്‍ റാ​വു പ​റ​ഞ്ഞു.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു കേ​ള്‍​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 2020 മാ​ര്‍​ച്ചി​നു ശേ​ഷം അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തി​നു മു​ന്പ് അ​മി​ക്ക​സ് ക്യൂ​റി​ക്കു കൈ​മാ​റ​ണം.

ഇ​തി​നു പു​റ​മേ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​നാ​ഥ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.