ലക്നോ: കോവിഡ്, കൊറോണ, ലോക്ക് ഡൗണ്‍ തുടങ്ങിയ വാക്കുകള്‍ നമ്മുക്ക് സുപരിചിതമായി വരുന്നതേയുള്ളു. ചൈനയില്‍ നിന്നു പടര്‍ന്നു പിടിച്ച നോവല്‍ കൊറോണ വൈറസ് രോഗത്തിലൂടെയാണ് നാം ഈ പേരുകള്‍ കേട്ടുതുടങ്ങിയത്. ഇന്ന് ഈ പേരുകള്‍ മാതാപിതാക്കള്‍ തങ്ങളുടെ പൊന്നോമനകള്‍ക്കും ഇടുകയാണ്.
കൊറോണ കാലത്ത് ജനിച്ച തന്റെ പൊന്നോമനയ്ക്ക് ഉത്തര്‍പ്രദേശ് സ്വദേശി നല്കിയ പേരും വ്യത്യസ്തമാകുകയാണ്. സാനിറ്റൈസര്‍ എന്നാണ് വിജയ് വിഹാര്‍ സ്വദേശികളായ ഓംവീര്‍ സിംഗ് -മോണിക്ക ദന്പതികള്‍ കുഞ്ഞിന് നല്കിയ പേര്. സഹരാണ് ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്.
സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാനുള്ള കഴിവ് ഉള്ളതിനാലാണ് തങ്ങള്‍ക്ക് പിറന്ന കുഞ്ഞിന് സാനിറ്റൈസര്‍ എന്ന പേര് നല്‍കിയതെന്നാണ് ഓംവീറും മോണിക്കയും പറയുന്നത്.
സാനിറ്റൈസറിനു മുന്‍പ് കൊറോണയും കോവിഡും ഇന്ത്യയില്‍ പിറന്നിരുന്നു. ഛത്തീസ്ഗഡില്‍ ജനിച്ച ഇരട്ടക്കുട്ടികള്‍ക്കാണ് മാതാപിതാക്കള്‍ കോവിഡെന്നും കൊറോണയെന്നും പേരിട്ടത്. ഇതോടെ കോവിഡിന്റെയും കൊറോണയുടെയും അനുജനായി സാനിറ്റൈസര്‍.