തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് പ്ലാസ്മ ചികിത്സ പരീക്ഷണം നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ചൈനയിലും അമേരിക്കയിലും പ്ലാസ്മ ചികിത്സ ഫലം കണ്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പ്ലാസ്മ ചികിത്സ പരീക്ഷണത്തിന് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എത്തിക്സ് കമ്മിറ്റി കൂടി അനുമതി നല്‍കേണ്ടതുണ്ട്. പ്ലാസ്മ ചികിത്സ നല്‍കുന്നത് രോഗികളുടെ അറിവോടെയും സമ്മതത്തോടെയും ആണോ, രോഗിയുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എത്തിക്സ് കമ്മിറ്റി വിലയിരുത്തും. രോഗബാധ പൂര്‍ണമായും ഭേദമായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് രോഗബാധിതനായ ആള്‍ക്ക് നല്‍കിയാല്‍ കൊറോണയെ പ്രതിരോധിക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണ ചികിത്സ നടത്തുക.