കോവിഡ് 19 രോഗം പൂര്‍ണമായി ഇല്ലാതായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളിയാഴ്ച സ്ലൊവേനിയ അതിര്‍ത്തികള്‍ തുറന്നു, പുതിയ കോവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
‘ഇന്ന് യൂറോപ്പിലെ ഏറ്റവും മികച്ച പകര്‍ച്ചവ്യാധി പ്രതിരോധ സാഹചര്യമാണ് സ്ലൊവേനിയയിലുള്ളത്’ കോവിഡ് ആദ്യമായി സ്ഥിരീകരിച്ച് രണ്ട് മാസത്തിന് ശേഷം പ്രധാനമന്ത്രി ജാനസ് ജാന്‍സ പറഞ്ഞു.
രാജ്യത്തിന്‍റെ ഇറ്റലി, ഓസ്ട്രിയ, ക്രൊയേഷ്യ, ഹംഗറി എന്നീ അതിര്‍ത്തികള്‍ സ്ലോവേന്യ തുറന്നു. 20 ദശലക്ഷം ജനങ്ങളുള്ള സ്ലോവേനിയയില്‍ വെള്ളിയാഴ്ച വരെ 1,465 കൊറോണ വൈറസ് കേസുകളും 103 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെയാണ് അതിര്‍ത്തികള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സ്ലൊവേനിയയില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് ഓസ്ട്രിയയില്‍ രണ്ടാഴ്ചത്തെ നിരീക്ഷണം വേണ്ടിവരുമെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം സ്ലോവേനിയയില്‍ പൊതു ഇടങ്ങളില്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങളും മാസ്ക് ധരിക്കുന്നതും പൊതു ഇടങ്ങളില്‍ നിര്‍ബന്ധമാണ്.
ചില ഷോപ്പിംഗ് സെന്ററുകളും ഹോട്ടലുകളും അടുത്ത ആഴ്ച വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്ന് ഈ ആഴ്ച ആദ്യം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മെയ് 23 മുതല്‍ ഫുട്ബോളും മറ്റെല്ലാ ടീം മത്സരങ്ങളും പുനരാരംഭിക്കാമെന്നും പ്രഖ്യാപിച്ചു.പകര്‍ച്ചവ്യാധി അവസാനിച്ചുവെന്ന് സ്ലൊവേനിയ പ്രഖ്യാപിച്ചിട്ടും, ഈ രോഗം ഇപ്പോഴും രാജ്യത്ത് ഉണ്ടെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.