തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളില്‍ കോവിഡ് 19 സമൂഹ വ്യാപന ഭീഷണി. രോഗികളുടെ എണ്ണം 100ന് മുകളിലുള്ള 9 ജില്ലകളിലും 69 രോഗികള്‍ മാത്രമുള്ള തിരുവനന്തപുരം ജില്ലയുമാണ് സമൂഹവ്യാപന ഭീഷണിയിലുള്ളത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്ബര്‍ക്ക പട്ടിക പൂര്‍ണമായും കണ്ടെത്താന്‍ കഴിയാത്ത രണ്ടിലധികം കേസുകള്‍ തിരുവനന്തപുരത്തുള്ളത് കൊണ്ടാണ് സമൂഹ വ്യാപന സാദ്ധ്യത വിലയിരുത്തുന്നത്. തലസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായാല്‍ അതി ഗുരുതരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന ജാഗ്രത പാലിച്ചില്ലെങ്കില്‍ അതീവ ഗുരുതര സ്ഥിതിയിലേയ്ക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്.

കൊല്ലം ( 150 രോഗികള്‍ ), പത്തനംതിട്ട (126), എറണാകുളം ( 127), തൃശ്ശൂര്‍ (113), പാലക്കാട് ( 154), മലപ്പുറം (201), കോഴിക്കോട് (107), കണ്ണൂര്‍ (120), കാസര്‍കോട് ( 102) ജില്ലകളാണ് കൂടുതല്‍ സമൂഹ വ്യാപന ഭീഷണിയുള്ള മറ്റു ജില്ലകള്‍. സംസ്ഥാനത്ത് കഴിഞ്ഞ 4 ദിവസങ്ങളിലായാണ് കൂടുതല്‍ രോഗികളുണ്ടായത്. 516 പേര്‍ക്കാണ് നാല് ദിവസത്തിനിടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യ വിഭാഗം ജീവനക്കാരായ 3 പേരുള്‍പ്പെടെ 25 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ രോഗിയുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ആശുപത്രിയിലെത്തിയവരില്‍ നിന്നായിരിക്കും രോഗം പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

4 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 492 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നവരാണ്. ഇതില്‍ 321 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരും 171 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്ബര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണത്തിലുള്ള കുറവ് സംസ്ഥാനത്തിന് ആശ്വാസം നല്‍കുന്നതാണ്. കര്‍ശനമായ നിരീക്ഷണവും ഐസൊലേഷനുമാണ് സമ്ബര്‍ക്കത്തിലൂടെ പകരുന്നത് തടഞ്ഞത്. 19ന് 118 പേര്‍ക്കും 20 ന് 127 പേര്‍ക്കും 21 133 പേര്‍ക്കും ഇന്നലെ 138 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5 ശതമാനം പേര്‍ക്ക് മാത്രമാണ്.