ബീജിംഗ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ അഞ്ച് ലക്ഷത്തോളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ അടച്ചു പൂട്ടിയത് 460000 സ്ഥാപനങ്ങളാണ്. പുതു സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ വേഗതയും രാജ്യത്ത് വലിയ രീതിയില്‍ കുറഞ്ഞു. വൈറസ് പൊട്ടിപുറപ്പെട്ട വുഹാന്‍ നഗരം കോവിഡ് വ്യാപനം തടയാനായി നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരിലൂടെ രോഗം പടരാതിരിക്കാന്‍ രാജ്യാന്തര വിമാന സര്‍വീസുകളും ചൈന നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും കൊവിഡ് രോഗം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ സാമ്ബത്തികമായി സഹായിക്കുക ലക്ഷ്യമിട്ട് മാര്‍ച്ച് 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) റിവേഴ്സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണിത്. അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി നിരക്ക് ഇളവ് എന്നിവയും ചൈന നടപ്പാക്കി വരുന്നു. നിലവില്‍ 1242 പേരാണ് ചൈനയില്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. 3331 പേര് രോഗം ബാധിച്ച് മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.