സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ അവസ്ഥയിലേക്ക് മാറുന്നതായി സൂചനകള്‍. ഇതിനിടയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതി കൂടുതല്‍ മോശമാക്കിയേക്കാമെന്ന മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ വിദഗ്ധ സംഘം ഇക്കാര്യം അവതരിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് സമിതി ചെയര്‍മാന്‍ ബി. ഇക്ബാല്‍ യോഗത്തെ അറിയിച്ചിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കേരളത്തിലെ ആരോഗ്യമേഖല തകരും, ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുകയും ചെയ്യും. എന്നാല്‍ സമിതിയുടെ മുന്നറിയിപ്പ് തള്ളി ആരാധനാലയങ്ങളും മാളുകളും തുറക്കാമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുമെന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

വൈറസിന്റെ സ്രോതസ്സ് സ്ഥിരീകരിക്കാന്‍ കഴിയാത്ത രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ സമൂഹവ്യാപനം നടക്കുന്നുവെന്നു കരുതണമെന്നും വിദഗ്ധസമിതി മുഖ്യമന്ത്രിയെ അറിയിച്ചു. ക്വാറന്റീന്‍ ലംഘിച്ചു ആളുകള്‍ പുറത്തിറങ്ങുന്നതും വലിയ ഭീഷണിയാകുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്നതാണു രോഗം ക്രമാതീതമായി വര്‍ധിപ്പിച്ചതെന്നും സമിതി വിലയിരുത്തി.