ന്യൂഡല്‍ഹി: രാജ്യത്ത് നടത്തിയ കോവിഡ് പരിശോധനയില്‍ 84 ശതമാനത്തിലും വൈറസിന്റെ സാന്നിധ്യം കുറവെന്ന് കണ്ടെത്തല്‍. വൈറസ് സാന്നിധ്യം കുറവുള്ള രോഗികളില്‍നിന്ന് ശരാശരി 0.8 ആളുകള്‍ക്കുമാത്രമാണ് രോഗം പകരുകയെന്ന് ഐ.സി.എം.ആറിന്റെ കീഴിലുള്ള അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്.) നടത്തിയ പഠനം പറയുന്നു.
കോവിഡ് പോസിറ്റീവാകുന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരുമുണ്ട് എന്നത് ഒരു ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പഠനം പ്രാധാന്യമുള്ളതാണ്. ഓരോ രോഗിയിലുമുള്ള വൈറസ് സാന്നിധ്യത്തിന്റെ തോത് അണുവ്യാപനത്തില്‍ നിര്‍ണായകമാണ്. കുറഞ്ഞ തോതില്‍ വൈറസ് സാന്നിധ്യമുള്ളവരില്‍ നിന്ന് അതിനനുസരിച്ചാണ് വൈറസ് വ്യാപിക്കുക. പരിശോധനയില്‍ വൈറസ് സാന്നിധ്യത്തിന്റെ തോത് കണ്ടെത്തി ഉയര്‍ന്നതോതില്‍ വൈറസുള്ളവരെ സമ്ബര്‍ക്കവിലക്കിലാക്കണമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിരോധ ശേഷിയില്ലാത്തവരിലാണ് വൈറസ് സാന്നിധ്യം കൂടുതലായിരിക്കുക.
പഠനത്തില്‍ ഏഴുശതമാനത്തില്‍ മാത്രമാണ് ഉയര്‍ന്നതോതില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായത്. ഉയര്‍ന്ന വൈറസ് സാന്നിധ്യമുള്ളവരില്‍നിന്ന് ശരാശരി 6.25 പേരിലേക്ക് വ്യാപനമുണ്ടാകും. ഒന്‍പതുശതമാനം പേരില്‍ മിതമായ തോതിലാണ് വൈറസ് സാന്നിധ്യമുള്ളത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ വൈറസ് സാന്നിധ്യം കൂടുതലായിരിക്കും. ഇത്തരത്തിലുള്ള രോഗികളുമായി ഇടപെടുന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാന്‍ പ്രധാനകാരണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പ്രബലമായ വകഭേദത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ഐ/എ3ഐ എന്ന ഗണമാണ് ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 സാംപിളുകളില്‍ 41 ശതമാനത്തിലും കണ്ടെത്തിയത്. 60 ശതമാനത്തോളം സാംപിളുകളിലും യൂറോപ്യന്‍ വകഭേദമായ എ2എയാണ് കണ്ടെത്തിയത്.