ബെയ്ജിംഗ്: കോവിഡ് നിയന്ത്രണങ്ങൾ മറയാക്കി കത്തോലിക്കാ വിശ്വാസികൾക്കെതിരായ പീഡനങ്ങൾ ശക്തിപ്പെടുത്തി ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ചെറിയ വീഴ്ചകളുണ്ടായാൽ പള്ളികൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സർക്കാർ മതസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള നടപടികൾ ഒരു വർഷം മുന്പേ ആരംഭിച്ചിരുന്നു. കോവിഡ് കാലം ഇതിനുള്ള നല്ലരൊവസരമാക്കി മാറ്റുകയാണിപ്പോൾ.
പള്ളികളുടെ പ്രവർത്തനം കർശനമായി നിയന്ത്രിക്കുന്നു. പള്ളികളുടെ പ്രവർത്തന സമയം വളരെ ചുരുക്കിയിരിക്കുന്നു. 18 വയസിനു താഴെയുള്ളവർക്കു പ്രവേശനമില്ല. ആരാധനാ ഇതര കാര്യങ്ങൾക്ക് അനുമതി നിഷേധിക്കുന്നു.
ഭരണകൂടത്തെ പേടിച്ചു വിശ്വാസവും ആരാധനയും രഹസ്യമായി പുലർത്തുന്ന അണ്ടർഗ്രൗണ്ട് ക്രൈസ്തവരുടെ കാര്യം കൂടുതൽ കഷ്ടത്തിലാണ്. കത്തോലിക്കർക്കു പുറമേ പ്രൊട്ടസ്റ്റന്റ് സഭക്കാരും പീഡനങ്ങൾക്കിരയാകുന്നുണ്ട്.
വിശ്വാസം ഭരണകൂടത്തിന് ഭീഷണിയാകുമെന്ന ഭീതിയിലാണ് ചിൻപിംഗ് സർക്കാർ ഇത്ര കർശന നടപടികൾ എടുക്കുന്നതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. പോളണ്ടിൽ, കത്തോലിക്കാ വിശ്വാസികൾ കമ്യൂണിസത്തിന്റെ അടിത്തറ ഇളക്കിയപോലൊരു സംഭവം ചൈനയിൽ ഉണ്ടാകരുതെന്ന് ചിൻപിംഗിനു നിർബന്ധമുണ്ട്.
വത്തിക്കാനു കീഴിലുള്ള വിശ്വാസികളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് കാത്തലിക്ക് പേട്രിയോട്ടിക് അസോസിയേഷനിലേക്ക് മാറ്റുന്ന പദ്ധതിയും ഊർജിതമായി നടക്കുന്നുണ്ട്. ആരാധനാലയങ്ങളിൽ ചിൻപിംഗിന്റെ ചിത്രങ്ങൾ നിർബന്ധമാക്കുന്നതും സാധാരണമാണ്. വിശ്വാസത്തിലേക്ക് ചൈനീസ് സംസ്കാരം ലയിപ്പിക്കാനെന്ന പേരിലാണ് ഇക്കാര്യങ്ങൾ. യഥാർഥത്തിൽ ഇവയെല്ലാം മതത്തെ നിയന്ത്രണത്തിലാക്കാനും വിശ്വാസത്തെ ക്രമേണ ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതികളുടെ ഭാഗമാണെന്നു പറയപ്പെടുന്നു.