റിയാദ്∙കോവിഡ്-19 വരുത്തിവച്ച സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറക്കാനുള്ള അനുവാദമുള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം.

തൊഴിലുടമയും തൊഴിലാളിയും നിലനില്‍ക്കുന്ന നിയമപരമായ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നേരിടുമ്ബോള്‍ നടത്തിപ്പ് ചെലവ് കുറക്കാന്‍ സംരംഭകരെ അനുവദിക്കുന്ന വ്യവസ്ഥയുടെ ഭാഗമായാണ് ഇത് അനുവദിക്കുക. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇത്തരം സാഹചര്യങ്ങളുടെ തീവ്രത കുറക്കുന്നതിന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യഥാര്‍ഥ തൊഴില്‍ സമയത്തിന് അനുസൃതമായി വേതനത്തില്‍ കുറവ് വരുത്താനും സ്വകാര്യ സ്ഥാപങ്ങള്‍ക്ക് കഴിയും.

ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ച്‌ ആറു മാസത്തിനകം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ ധാരണയില്‍ എത്തേണ്ടതുണ്ട്. കൊറോണ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയില്‍ നിലനില്‍ക്കുന്ന സാമ്ബത്തിക ആശങ്കകള്‍ അകറ്റുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ സുപ്രധാന പ്രഖ്യാപനം.