ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പരാജയമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ അരുന്ധതി റോയ് രംഗത്തെത്തിയത്.

ഇന്ത്യയില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ് രണ്ട് മാസത്തിനു ശേഷവും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അരുന്ധതി പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളില്‍ ഡല്‍ഹിയിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധം കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നു സര്‍ക്കാരെന്നും അവര്‍ പറഞ്ഞു.

വൈറസ് പടരുന്ന സാഹചര്യത്തില്‍, വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുകയായിരുന്നു യുക്തിസഹമായ നീക്കം, പക്ഷേ വിമാനത്താവളങ്ങള്‍ തുറന്നിരുന്നു, ‘നമസ്‌തെ ട്രംപ്’ പരിപാടിക്ക് യുഎസില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ എത്തിയെന്നും അവര്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടന കോവിഡിനെ ഒരു മഹാമാരിയെന്ന് പ്രഖ്യാപിച്ചിട്ടും ഇന്ത്യയില്‍ ഒന്നും ചെയ്തില്ല, ജനങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ലോകത്തിലെ ഏറ്റവും ശിക്ഷാര്‍ഹമായ ലോക്ക്ഡൗണുകളില്‍ ഒന്നാണ്. തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്നു. അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെ പലരും കാല്‍നടയായി യാത്ര ചെയ്തു. പലര്‍ക്കും ലോക്ക്ഡൗണ്‍ ദുരിതമായി മാറിയെന്നും അവര്‍ പറഞ്ഞു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്ബത്തിസ്ഥിതി തകരുകയും വൈറസ് വ്യാപനം വര്‍ധിക്കുകയുമാണ് ചെയ്തത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷവും പോസിറ്റീവ് കേസുകള്‍ ഇന്ത്യയിലേത് പോലെ മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി.

ഇന്ത്യ അടുത്തകാലത്തൊന്നും സാധാരണ നിലയിലാകില്ലെന്ന് ചൂണ്ടിക്കാട്ടിയ അരുന്ധതി റോയ്, ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അവരുടെ ഗ്രാമങ്ങളില്‍ അവര്‍ക്ക് ഒന്നും തന്നെ ഇല്ലാത്തതിനാല്‍ മടങ്ങിവരേണ്ടിവരുമെന്നും പറഞ്ഞു. വിദ്യാഭ്യാസം ഓണ്‍ലൈനിലാക്കുമ്ബോള്‍ ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കില്ലെന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികളുടെയും ആക്ടിവിസ്റ്റുകളിടെയും അറസ്റ്റ് തുടരുന്നതിലൂടെ ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മോദി സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയക്കാരാവട്ടെ, ഉദ്യോഗസ്ഥരാവട്ടെ, വ്യവസായികളാകട്ടെ, എല്ലാവരുടെയും തലച്ചോറിനെ ഭീതി മരവിപ്പിച്ചിരിക്കുകയാണ്. അവരിലാരെങ്കിലും വായ തുറക്കുന്ന നിമിഷം അവര്‍ ദയയേതുമില്ലാതെ വേട്ടയാടപ്പെടുകയാണ്. അതിനാല്‍ വലിയ രീതിയിലുള്ള ഭയം നിലനില്‍ക്കുന്നു.

അറസ്റ്റു ചെയ്യപ്പെടുന്ന അടുത്ത വ്യക്തി ആരായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് ഓരോ ദിവസവും എഴുന്നേല്‍ക്കുന്നതെന്നു പറഞ്ഞ അരുന്ധതി റോയ്, സി‌എ‌എ വിരുദ്ധ പ്രതിഷേധം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയേയും വിമര്‍ശിച്ചു.