ബ്രസാവില്ല: കോവിഡ് വൈറസ് പ്രതിരോധ നടപടികള്‍ പരാജയപ്പെട്ടാല്‍ ആഫ്രിക്കയില്‍ രണ്ടു ലക്ഷത്തോളം പേര് വരെ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ വന്‍കരയിലെ 47 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ആദ്യ വര്‍ഷത്തില്‍ 29 മുതല്‍ 44 ദശലക്ഷം ജനങ്ങള്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ 83,000 മുതല്‍ 1,90,000 വരെ ആളുകള്‍ മരണപ്പെടാമെന്നും ഡബ്ല്യൂ.എച്ച്.ഒ ആഫ്രിക്ക ഡയറക്ടര്‍ മത്സിഡിസോ മൊയ്തി പറയുന്നു.
ദുര്‍ബലമായ ആരോഗ്യ സംവിധാനം, ഉയര്‍ന്ന ദാരിദ്ര്യ നിരക്ക്, മുന്‍കാലങ്ങളിലെ പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം അടക്കമുള്ള കാര്യങ്ങള്‍ താരതമ്യം ചെയ്താല്‍ കോവിഡ് വ്യാപനം വേഗത്തിലായേക്കും. അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും കണക്കിലെടുത്താല്‍ വളരെ സാവധാനത്തിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് പടരുന്നത്. കുറഞ്ഞ നിരക്കിലുള്ള വ്യാപനം വഴി കോവിഡ് രോഗം ഒരു വര്‍ഷം വരെ നീണ്ടു നിന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കന്‍ വന്‍കരയില്‍ ഇതുവരെ 53,334 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2,065 പേര് മരണപ്പെട്ടു. 17,634 പേര് സുഖം പ്രാപിച്ചു. 53 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.