ന്യൂയോര്‍ക്: കോവിഡ്-19 എച്ച്.ഐ.വിയെ പോലെ പകര്‍ച്ചവ്യാധിയായി മാറുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങള്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കോവിഡിനെ ഭൂമുഖത്തുനിന്ന് പൂര്‍ണമായി തുടച്ചുമാറ്റാനാവില്ല. ജനം അതിനൊപ്പം ജീവിക്കാന്‍ ശീലിച്ചു തുടങ്ങും. എച്ച്.ഐ.വി നമുക്ക് ഇല്ലാതാക്കാനായിട്ടില്ല. നാം അതിനൊപ്പം ജീവിക്കാന്‍ ശീലിച്ചു. വൈറസ് ഭൂമുഖത്തുനിന്ന് എപ്പോള്‍ ഇല്ലാതാകുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. ഒരു ദീര്‍ഘകാല പ്രശ്നമായി അത് നമ്മുടെ കൂടെ കാണും. -ഡബ്ല്യു.എച്ച്.ഒ വിദഗ്ധന്‍ മൈക് റയാന് പറഞ്ഞു.
അതേസമയം, കൂട്ടായ പരിശ്രമങ്ങളിലൂടെ വൈറസിനെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. കോവിഡിനെതിരെ ലോകവ്യാപകമായി നൂറിലേറെ വാക്സിനുകളാണ് വികസിപ്പിക്കുന്നത്. ചിലതെല്ലാം ക്ലിനിക്കല്‍ ട്രയലിലുമാണ്. എന്നാല്‍ ഏറ്റവും ഫലപ്രദമായ വാക്സിന് കണ്ടുപിടിക്കാനാവുമോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ പോലും സംശയിച്ചുനില്ക്കുകയാണ്.
മീസില്‍സ് പോലുള്ള രോഗത്തിന് നാം വാക്സിന് കണ്ടുപിടിച്ചു. എന്നാല്‍ ആ രോഗം പൂര്‍ണമായി തുടച്ചുമാറ്റാന്‍ സാധിച്ചിട്ടില്ല. വൈറസിനു മേല്‍ പരമാവധി ആധിപത്യം നേടാന്‍ സാധിച്ചാലേ ഭീതി കുറച്ചെങ്കിലും ഒഴിവാകൂ എന്നും റയാന് ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനം തടയാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് അഭിപ്രായപ്പെട്ടു.