ന്യൂഡല്‍ഹി: കോവിഡ് 19 രോഗം ബാധിക്കാതെ സ്വയം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍േദശങ്ങള്‍ ചോദ്യം ചെയ്ത് ഉദയ്പൂര്‍ സ്വദേശിയായ ഡോ. ആരുഷി ജെയ്ന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡില്‍നിന്ന് സ്വയം രക്ഷിക്കുന്നതിന് മതിയായ പരീശലീനം നല്‍കിയിട്ടുണ്ട്. അതിനാല്‍, രോഗം ബാധിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം അവര്‍ക്കുതന്നെയാണ്. മതിയായ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിച്ചാല്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യത ഒരിക്കലും മറ്റുള്ളവരുടേതിനേക്കാള്‍ ഉയര്‍ന്നതാവില്ല. ജോലിസ്ഥലത്ത് അവ ഉപയോഗിക്കുന്നതിലൂടെ കുടുംബാംഗങ്ങള്‍ക്കോ മക്കള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം. പി.പി.ഇ കിറ്റുകള്‍ ഉപയോഗിച്ചിട്ടും രോഗബാധ ഉണ്ടായതായി തെളിയിക്കാന്‍ ഹരജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകേണ്ടി വന്നാലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആരോഗ്യ മന്ത്രാലയം ഇതിനകം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് 19 ബാധക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ ചികിത്സ ചെലവുകള്‍ ഒഴിവാക്കണമെന്നും ഡോ. ആരുഷി ജെയ്ന്‍ ഹരജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.