- റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്
(ജുഡീഷ്യല്‍ വികാര്‍, തിരു. മേജര്‍ അതിരൂപത)
ശ്വാസകോശത്തെ ബാധിക്കുന്നതുമൂലം ശ്വസനപ്രക്രിയ തടസ്സപെട്ടു മരണത്തിനു വരെ കാരണമാകാവുന്ന കൊറോണ വൈറസ്-2 മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് കോവിഡ് 19. 2019 ഡിസംബറില്‍ ചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാന്‍ നഗരത്തിലാണ് ഈ വൈറസ്ബാധ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച് ഇതൊരു പാന്‍ഡെമിക്കായി പരിണമിക്കുകയായിരുന്നു. 2020 മെയ് 12 വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടും 42,25,429-ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. കോവിഡ ്മരണസംഖ്യ 2,85,000 ല്‍ അധികമായിട്ടുണ്ട്. 15,11,699 രോഗബാധിതര്‍ സുഖം പ്രാപിച്ചതായും കണക്കാക്കപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ മനുഷ്യര്‍ ശാരീരിക അകലം പാലിച്ചു കൊണ്ട് കുടുംബങ്ങളില്‍ ഒതുങ്ങി കൂടുകയാണ്.
ഇതോടൊപ്പം കുടുംബങ്ങളിലേക്ക് കുറച്ച് നല്ലശീലങ്ങള്‍ കൂടി കടന്നുവന്നിട്ടുണ്ട്. വ്യക്തിപരമായ ശുചിത്വം, ദൃഢവത്കരിക്കപ്പെട്ട കുടുംബ ബന്ധങ്ങള്‍, കൃഷിയിലുള്ള താല്പര്യം, പ്രകൃതി സംരക്ഷണത്തിലുള്ള പുതിയ അവബോധം, ചെലവ് ചുരുക്കി അത്യാവശ്യത്തിനു മാത്രംചെലവാക്കാനുള്ള പരിശീലനം, സമൂഹത്തില്‍ ത്യാഗനിര്‍ഭരമായസേവനത്തില്‍ ഏര്‍പ്പെടുന്നവരെ ആദരിക്കുവാനുള്ള മനോഭാവം, ജീവകാരുണ്യ പ്രവത്തനത്തിനുള്ള സന്നദ്ധത, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളെ മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിനു വേണ്ടി എങ്ങനെ കൂടുതല്‍ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ തുടങ്ങിയവയൊക്കെ ഈ കൊറോണക്കാലത്തിന്റെ ഭാവാത്മകങ്ങളായ നേട്ടങ്ങളാണ്. ഈ കൊറോണകാലത്തിനു ശേഷം ഇവയൊക്കെ നഷ്ടപ്പെട്ടുപോകാതെ ഒരു കരുതല്‍ സമ്പാദ്യമായി അടുത്തതലമുറയ്ക്ക് പങ്കുവെക്കുവാന്‍ നമുക്ക് സാധിക്കണം.
വ്യക്തിശുചിത്വം
വ്യക്തിശുചിത്വം എന്നത് ഒരാള്‍ സ്വശരീരത്തോടു പുലര്‍ത്തുന്ന കരുതല്‍ ആണ്. ഇത്കുളി, കൈകഴുകല്‍, പല്ല്‌വൃത്തിയാക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ ചേര്‍ന്ന ഒരു ജീവിതശൈലി തന്നെയാണ്. ഓരോദിവസവും നമുക്ക് പുറമേ നിന്നുള്ള ദശലക്ഷക്കണക്കിനു രോഗാണുക്കളോടും വയറസുകളോടുമാണ് നാം ഇടപെടുന്നത്. ഇവ നമ്മുടെ ശരീരത്തില്‍ പറ്റിപിടിക്കുകയും പലപ്പോഴും രോഗകാരണമാവുകയുംചെയ്യുന്നു. തന്മൂലം വ്യക്തിശുചിത്വം ആരോഗ്യജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം പാലിക്കേണ്ട ചില പ്രധാന മേഖലകളേതൊക്കെയാണെന്ന് നോക്കാം. ഒന്നാമതായി ചിന്തിക്കേണ്ടത് നമ്മുടെ ശുചിമുറിയുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ്. ശുചിമുറി ഉപയോഗിച്ച് കഴിഞ്ഞാലുടന്‍ തന്നെ 20 മുതല്‍ 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള സമയമെടുത്തു കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയാക്കണം.
അടുത്തത് കുളിയുടെ കാര്യമാണ്. ദിവസേന ഒന്നോ അതിലധികമോ പ്രാവശ്യം സോപ്പുപയോഗിച്ചു കുളിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിന്നും നിര്‍ജ്ജീവകോശങ്ങള്‍, ബാക്ടീരിയകള്‍, വൈറസുകള്‍, എണ്ണമയംമുതലായവയെ നീക്കംചെയ്യുന്നതിനു സഹായിക്കും. അതോടൊപ്പം തലമുടി എണ്ണയോ ഷാംപൂവോ ഉപയോഗിച്ച്‌വൃത്തിയാക്കുന്നത് മുടിയ്ക്കും തലയോട്ടിയ്ക്കും ഏറെഗുണകരമാണ്. ഇത് മുടി ജടപിടിക്കാതിരിക്കുന്നതിനും താരന്‍ അകറ്റുന്നതിനും അനാവശ്യമായ തലചൊറിച്ചില്‍ അനുഭവപ്പെടാതിരിക്കുന്നതിനും ഏറെ ഉപകാരപ്പെടും.
അതു പോലെതന്നെ പ്രധാനപ്പെട്ടതാണ് നഖങ്ങള്‍ മുറിക്കുകയുംവൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളത്. ഇതിലൂടെ രോഗാണുക്കള്‍ വായിലൂടെയും ഇതരശരീരദ്വാരങ്ങളിലൂടെയും അകത്തു പ്രവേശിക്കുന്നത് വലിയൊരളവുവരെ തടയാനാവും. നഖംകടിക്കുന്നത് നിശ്ചയമായും ഒഴിവാക്കേണ്ട ഒരു ശീലമാണ്. ദന്തശുദ്ധിയാണ് വ്യക്തിശുചിത്വത്തിലെ മറ്റൊരു പ്രധാന ഘടകം. വെളുത്തു തിളങ്ങുന്ന പല്ലുകള്‍ ഉണ്ടാകുന്നതുകൊണ്ട് മാത്രം ദന്തശുദ്ധി പൂര്‍ണമാകുന്നില്ല. ദിവസേന രണ്ടു പ്രാവശ്യമെങ്കിലും 2 മിനിറ്റ്‌സമയമെടുത്ത് ദന്തശുദ്ധി വരുത്തേണ്ടതാണ്. പ്രഭാതത്തില്‍ എഴുന്നേറ്റാലുടനെയും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പും ദന്തശുദ്ധിക്കുള്ള സമയം ക്രമീകരിക്കാവുന്നതാണ്. സാധിക്കുമെങ്കില്‍ ഓരോ ഭക്ഷണത്തിനു ശേഷവും ദന്തശുദ്ധി വരുത്തുന്നത് നല്ലതാണ്. പല്ലുകള്‍ക്കിടയിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനു ഇന്‍ഫ്‌ളോസ്സ്’ ഉപയോഗിക്കുകയും, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനായി ഡെന്റിസ്റ്റിന്റെ നിര്‍ദ്ദേശമനുസരിച്ച് മൗത്‌വാഷ് ഉപയോഗിക്കുന്നതും അഭികാമ്യമാണ്.
ഹസ്ത ശുചിത്വം ഇതോടൊപ്പമോ ഇതിനേക്കാളുപരിയോ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഘടകമാണ്. കയ്യില്‍ പറ്റിയിട്ടുള്ള രോഗാണുക്കള്‍ നമ്മുടെ വായ, മൂക്ക്, കണ്ണുകള്‍, ചെവികള്‍ എന്നിവയിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്. നമ്മള്‍ അവശ്യം കൈകള്‍വൃത്തിയാക്കേണ്ട ചില സന്ദര്‍ഭങ്ങളെ കുറിച്ച് സൂചിപ്പിക്കട്ടെ: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍, ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും, ഗൃഹമാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം, തുമ്മിയതിനു ശേഷം, ഏതെങ്കിലും മൃഗങ്ങങ്ങളെ സ്പര്‍ശിച്ചതിനു ശേഷം, കുഞ്ഞുങ്ങളുടെ ഡയപ്പര്‍ കൈകാര്യം ചെയ്തതിനുശേഷം, പ്രായം ചെന്നവരെയോ രോഗികളെയോ പരിചരിച്ചതിനു ശേഷം, നമ്മുടെ തന്നെയോമറ്റുള്ളവരുടെയോ ശരീരത്തിലെ മുറിവുകള്‍ വൃത്തിയാക്കുന്നതിന് മുമ്പ്.
സമീകൃത ആഹാരക്രമവും വ്യായാമവും
കൊറോണയ്‌ക്കെതിരെയുള്ള പരക്കം പാച്ചിലില്‍ സമീകൃത ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളും നാം ഏറെ കേട്ടിരിക്കുന്നു. അതോടൊപ്പം വ്യായാമത്തിന്റെ ആവശ്യത്തെക്കുറിച്ചും ചിന്തിക്കുകയുണ്ടായി. ഈ ശീലങ്ങള്‍ നിലനിര്‍ത്തുക തന്നെ വേണം. മുന്തിരി, ഓറഞ്ച്, ചെറുനാരങ്ങാ, പപ്പായ, കിവി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും പെപ്‌സിക്കും, കാരറ്റ്, പയറുവര്‍ഗ്ഗങ്ങള്‍, വെളുത്തുള്ളി, ചെമന്നുള്ളി, തൈര്, ബദാം പരിപ്പ്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും നമ്മുടെ ശരീരത്തിന്റെരോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഇവ ഉള്‍പ്പടുത്തി ശീലിക്കാനുള്ള ഒരു പരിശീലന കാലയളവായും ഈ കൊറോണക്കാലം മാറി. മൂന്നുനേരം മൃഷ്ടാന്നം ഭുജിക്കുക നമ്മുടെ ശീലമാണ്. ഭക്ഷണം ആവശ്യമെന്നു ശരീരത്തില്‍ അനുഭവപ്പെടുമ്പോള്‍മ ാത്രമാണ് ഭക്ഷിക്കേണ്ടത്. അവിടെയും നമുക്കാവശ്യമുള്ളത്ര അളവ് മാത്രം. വിശപ്പകറ്റാനുള്ള ഉപാധി മാത്രമല്ല ഭക്ഷണം. അത്ഔഷധം കൂടിയാണ്. ശരീരത്തിന്റെ ആവശ്യമറിഞ്ഞ് ഭക്ഷിക്കുമ്പോള്‍ അത് നമ്മുടെ രോഗാവസ്ഥകളെ കൂടി ശമിപ്പിക്കാന്‍ പര്യാപ്തമാവും. ഈയൊരു മനോഭാവമാവണം നാം ഭക്ഷണത്തോട് പുലര്‍ത്തേണ്ടത്. അതോടൊപ്പംആഴ്ചയിലൊരിക്കലെങ്കിലും ഉപവസിക്കുന്നത് നല്ലതാണെന്ന് ഭിഷഗ്വരന്മാര്‍ അനുശാസിക്കുന്നു.
ഭക്ഷണക്രമത്തോടൊപ്പം നാം ചിന്തിക്കേണ്ടമറ്റൊരു മേഖലയാണ്ശരീര വ്യായാമം. ഏറ്റവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കുക എന്നത് നമ്മുടെ ജീവിത ക്രമത്തിന്റെ അനിവാര്യതയായിമാറണം. അരമണിക്കൂര്‍ നിര്‍ത്താതെ നടക്കുന്നത് ഏറ്റവും അഭികാമ്യമാണ്. പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് വേണമെങ്കില്‍ ഈ സമയം അതിനായും വിനിയോഗിക്കാം. അതുപോലെ തന്നെ ദീര്‍ഘശ്വസന വ്യായാമമുറകളും ശീലിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വ്യായാമം കഴിഞ്ഞാലുടന്‍ ഫാനിന്റെ കുളിര്‍മ തേടിപ്പോവുകയോ, ഉടന്‍ കുളിക്കുകയോ ചെയ്യാതെ ശരീരംശരിക്ക് വിയര്‍ക്കാന്‍ അവസരം നല്‍കുകയാണ് വേണ്ടത്. വിയര്‍പ്പടങ്ങിയിട്ട് കുളിക്കുന്നത് അത്യുത്തമം.
ദൃഢവത്കരിക്കപ്പെടട്ടെ നമ്മുടെ കുടുംബബന്ധങ്ങള്‍
ശാരീരികഅകലം പാലിച്ചുകൊണ്ട് കൂടുതല്‍ സമയം കുടുംബത്തില്‍ ചെലവഴിക്കുന്നതിനു നമുക്ക് നല്ലൊരു അവസരം ലഭിച്ചിരിക്കുകയാണല്ലോ. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചായിരിക്കുന്നതിനുള്ള ഒരു നല്ലസമയമായി ഇതിനെ എടുക്കാന്‍ കഴിയട്ടെ. കുടുംബബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കുന്നതിനു നമുക്ക് ഈ അവസരം ഉപയോഗിക്കാം. നമ്മുടെ പഴമക്കാര്‍ പറയാറുള്ള ഒരു പ്രയോഗമുണ്ട്, വല്ലതുമൊക്കെ മിണ്ടീം പറഞ്ഞും ഇരിക്കാമെന്നേ. ആധുനികുടുംബത്തില്‍ അന്യം നിന്ന ഒരു ചൊല്ലാണിത്.
തിരക്കുകള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കുന്നതിനു സമയംകിട്ടാറേ ഇല്ല. കുട്ടികളാണെങ്കില്‍ അവര്‍ ഉണര്‍ന്നിരിക്കുന്ന സമയത്തിലേറെയും ചെലവഴിക്കുന്നത് സ്‌കൂളുകളിലും കളിസ്ഥലങ്ങളിലും. കുട്ടികളോടുണ്ടാവേണ്ടത് ഭാവാത്മകമായ ഒരു ശ്രദ്ധയാണ്. ഭാവാത്മകമായ ഈ ശ്രദ്ധ: അവരെ ആര്‍ദ്രമായി നോക്കിക്കൊണ്ടാവാം, സ്‌നേഹപൂര്‍വ്വകമായ വാക്കുകളിലൂടെയാവാം, കൊറോണക്കാലമെന്ന ദുര്‍ഘടസന്ധിയെ നന്നായി കൈകാര്യം ചെയ്യുന്നതിന് അവരെ അഭിനന്ദിച്ചു കൊണ്ടാവാം, പഠനത്തില്‍ ശ്രദ്ധിക്കുന്നതിനും വീട്ടുജോലികളില്‍ അമ്മയെ സഹായിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടാവാം, ഓരോ ദിവസവും കുട്ടികള്‍ കൈവരിക്കുന്ന നേട്ടങ്ങളില്‍ ശ്രദ്ധാലുക്കളായികൊണ്ടാവാം.
പ്രത്യേകകരുതലും ശ്രദ്ധയും വേണ്ട വൃദ്ധരായ മാതാപിതാക്കള്‍, കുടുംബത്തില്‍ അംഗപരിമിതര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ എന്നിവരോടൊക്കെ നമുക്ക് കൂടുതല്‍ അനുകമ്പാപൂര്‍വ്വം പെരുമാറുന്നതിനു കിട്ടുന്ന ഒരു അവസരം കൂടിയാണിത്. അവരുടെ മുറികള്‍വൃത്തിയാക്കുന്നതിന്, തുണികള്‍ അലക്കിതേച്ചു കൊടുക്കുന്നതിന്, അവര്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവരെ കേള്‍ക്കുന്നതിന് ഒക്കെയുള്ള നല്ല അവസരമായി നമുക്കിതിനെ എടുക്കാം.
ഒരുപക്ഷെ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ക്ക് പരസ്പരം സംസാരിക്കുന്നതിനും ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ഉള്ള അവസരമായി ഇതിനെ ഉപയോഗിക്കാം. ജീവിതപങ്കാളിയില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ തിരിച്ചറിയുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നല്ല അവസരമാകട്ടെ ഇത്. കുടുംബത്തെ മുന്നോട്ടു നയിക്കുന്നതിന് തന്റെ ജീവിതപങ്കാളിഏറ്റെടുത്തിരിക്കുന്ന ത്യാഗപൂര്‍ണമായ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയുന്നതിനും കഴിയുമെങ്കില്‍ അവര്‍ക്കൊരു കൈത്താങ്ങാകുന്നതിനും ഒക്കെ ഉപകരിക്കട്ടെ ഈ കൊറോണക്കാലം.
വളരട്ടെ കുടുംബങ്ങളില്‍ കൃഷിയിടങ്ങള്‍
ഇന്ന് മനുഷ്യരില്‍ അധികപേരും ജീവിതശൈലീരോഗങ്ങള്‍ക്ക് അടിമകളാണ്. പലപ്പോഴും വിഷാംശമടങ്ങിയ ‘ഭക്ഷണവുംവ്യായാമത്തിന്റെ അഭാവവുമാണ് ഇതിനുള്ളകാരണം. ഈ രണ്ടു കാരണങ്ങളെയും ഒഴിവാക്കുന്നതിനുള്ള ഒരു ഉദാത്തമാര്‍ഗ്ഗമാണ് കുടുംബങ്ങളില്‍ കൃഷിയിടങ്ങളുണ്ടാവുക എന്നത്.
ശരീരത്തിനും മനസിനും ഒരുപോലെ വ്യായാമവും ഉല്ലാസവും ലഭിക്കുന്ന ഒരു പ്രക്രിയയാണ് കൃഷി. അതോടൊപ്പം മാലിന്യലേശമില്ലാത്ത ‘ഭക്ഷ്യവസ്തുക്കള്‍ നമുക്ക് ഉത്പാദിപ്പിക്കുകയുംചെയ്യാം. ഇപ്രകാരം വീടിനോടു ചേര്‍ന്ന് ചെറിയ കൃഷിയിടങ്ങള്‍, രണ്ടു സെന്റോ, ഒരു സെന്റോ, ടെറസ്സോ, മട്ടുപ്പാവോ, എന്തുമാകട്ടെ അവ നിര്‍മിക്കുന്നതിനും ചെടികളെ പരിപാലിക്കുന്നതിനും ഉതകട്ടെ ഈ കൊറോണക്കാലം. അടുത്തകാലത്ത് നവമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ആപ്തവാക്യമുണ്ട്, ‘ലോക്ക്ഡൗണ്‍കാലത്തു മനുഷ്യന്‍ പരക്കം പാഞ്ഞത് സ്വര്‍ണത്തിനോ, ഡയമണ്ടിനോ, കംപ്യൂട്ടറിനോ, സ്മാര്‍ട്‌ഫോണിനോ വേണ്ടി ആയിരുന്നില്ല. മറിച്ച് കാര്‍ഷിക വിഭവങ്ങള്‍ക്ക് വേണ്ടിയായിരുന്നു.’
മനുഷ്യന്റെ ഏറ്റവും അടിസ്ഥാനവും അവശ്യവുമായ ഒരു മേഖലയാണ് കൃഷി എന്ന തിരിച്ചറിവ് മനുഷ്യനിലുളവാക്കിയ ദിവസങ്ങളായിരുന്നു ഇവ. ഈ കൊറോണക്കാലത്തു പ്രാദേശിക കര്‍ഷകര്‍വഴിയോരങ്ങളില്‍ തങ്ങളുടെ വിഭവങ്ങള്‍ നിരത്തിവയ്ക്കുകയും അവയ്ക്ക് അവര്‍ ചോദിക്കുന്നവില ലഭിക്കുകയും ചെയ്യുന്ന കാഴ്ച നാം കാണുന്നു. കാര്‍ഷിക സ്വയം പര്യാപ്തത കൈവരിക്കുവാന്‍ ഓരോ കുടുംബവും പരിശ്രമിക്കണം എന്നതിലേക്കാണ് ഇവയൊക്കെ വിരല്‍ ചൂണ്ടുന്നത്.
വീടിനോടു ചേര്‍ന്ന് കൃഷിചെയ്യാന്‍ സാധിക്കുന്നത് ഭക്ഷ്യവിഭവങ്ങള്‍ മാത്രമല്ല. പുഷ്പസസ്യകൃഷിയും കുടുംബങ്ങള്‍ക്ക് ചിന്തിക്കാവുന്ന ഒരു മേഖലയാണ്. ഇന്നത്തെ കാലത്ത് ഹോര്‍ട്ടികള്‍ച്ചര്‍തെറാപ്പി എന്ന ഒരു ചികിത്സാരീതി തന്നെ ശാസ്ത്രീയമായി വികസിതമായിട്ടുണ്ട്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ജീവിതത്തില്‍ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവര്‍ക്കും വലിയ ഒരു സഹായമാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ ലഭിക്കുക. അതുകൊണ്ട് ഈ കൊറോണക്കാലത്ത് നമ്മുടെ മട്ടുപ്പാവുകളിലും ടെറസ്സുകളിലും പുഷ്പ സസ്യങ്ങള്‍വച്ചു പിടിപ്പിക്കുന്നതിന് നമുക്ക് ശ്രദ്ധിക്കാം. അങ്ങനെ പുഷ്പാലംകൃതമാകട്ടെ ഈ കൊറോണക്കാലം.
പ്രകൃതിസംരക്ഷണത്തിനുള്ള പുതിയ അവബോധം
കൊറോണ എന്ന മഹാവിപത്തിനെ പ്രകൃതിയുടെ ശക്തമായ ഒരു മുന്നറിയിപ്പായി വ്യാഖ്യാനിച്ചവര്‍ ഒന്നും രണ്ടും പേരല്ല. കേരളത്തിന്റെ മുന്‍ചീഫ് സെക്രട്ടറിയും അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ. കെ. ജയകുമാറിന്റെ വാക്കുകള്‍, ”പ്രകൃതിയുടെകര്‍ക്കശമായ ഈ മുന്നറിയിപ്പിനെങ്കിലും നമുക്ക് ചെവികൊടുക്കാം. നല്ലവായുവും നല്ല ജലവും മനുഷ്യ രാശിക്ക് മുഴുവന്‍ അവകാശപ്പെട്ടതാണെന്ന് അറിയുക. കോവിഡ് മഹാമാരി രാജ്യാതിര്‍ത്തികളെയോ സാമ്പത്തിക നിലയെയോ മാനിച്ചില്ലഎന്നു നാം കണ്ടുവല്ലോ.’
ലോക ജനസംഖ്യ അഭൂതപൂര്‍വമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 1927 ല്‍ 200 കോടി; 1960 ല്‍ 300 കോടി; 1974 ല്‍ 400 കോടി; 1986 ല്‍ 600 കോടി; 2020 ല്‍ 770 കോടിയോടടുക്കുന്നു. ഇങ്ങനെ പോകുന്നു ജന സംഖ്യാവര്‍ധനവിന്റെ കണക്കുകള്‍. 2050 ആകുമ്പോള്‍ ഇത് 900 കോടിയും അടുത്ത നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ 1000 കോടിയുമാകുമെന്നു കണക്കാക്കപ്പെടുന്നു. ജനസംഖ്യാവര്‍ദ്ധനവിന്റെ ഈ ശ്രേണി പരിശോധിക്കുമ്പോള്‍ ഒരുകാര്യം വളരെ വ്യക്തമാണ്. കാലം മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് ശ്രേണിയിലെ വര്‍ഷങ്ങളുടെ അകലം വേഗത്തില്‍ കുറയുന്നു.
ഈ വര്‍ദ്ധനവിനോടൊപ്പം മനുഷ്യന്റെ ഉപഭോഗം വര്‍ദ്ധിക്കുകയും പ്രകൃതി നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ഇതിന്റെ ദോഷഫലങ്ങളായി നമുക്ക് ചുറ്റും സംഹാര താണ്ഡവമാടുമ്പോള്‍ ഇതൊന്നും എന്റെ പ്രശ്‌നമേയല്ല എന്ന മട്ടിലാണ് മനുഷ്യന്റെ പോക്ക്. ഇന്ന് ലോകത്ത് 400 കോടി ഉപഭോക്താക്കളുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഓരോവര്‍ഷവും 2662 കോടി ടണ്‍ ധാതുക്കളാണ് വ്യാവസായിക ആവശ്യത്തിനായി പ്രകൃതിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്നത്. വനവിസ്തൃതി 1950 ല്‍ 32 കോടി ഹെക്ടര്‍ ആയിരുന്നെങ്കില്‍ 2010 ല്‍ അത് കേവലം 10 കോടി ഹെക്ടറില്‍ താഴയെത്തി. ഭൂഗര്‍ഭജലത്തിന്റെ ഉപയോഗം 1960 ല്‍ 200 ഘന കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ ഇന്ന്അത് 734 ഘന കിലോമീറ്ററായി ഉയര്‍ന്നു. പാരിസ്ഥിതിക മലിനീകരണത്തിന്റെ ഒരു മുഖ്യഹേതു ക്രൂഡോയിലിന്റെ ഉപയോഗം വഴിവാഹനങ്ങള്‍ പുറത്തുവിടുന്ന വാതകങ്ങളാണല്ലോ. 2019 ലെ കണക്കനുസരിച്ച് ലോകത്തെ റോഡുകളില്‍ ഓടിയ 100 കോടിയിലധികം വാഹനങ്ങള്‍ കത്തിച്ചു തീര്‍ത്തത് 350 കോടി ബാരല്‍ ഇന്ധനമാണ്. ഈ ആഗോളതാപനം വഴിയായി 1960 നും 2015 നും ഇടയില്‍ ഒഴുകിപ്പോയ ഹിമപാളികളുടെ തൂക്കംഏതാണ്ട് 9 ട്രില്ല്യണ്‍ ടണ്‍ ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം ലോകത്തു പയോഗിക്കുന്ന കീടനാശിനികളുടെ അളവ് 8.5 ലക്ഷം ടണ്‍ ആണ്. ഒരു സെക്കന്‍ഡില്‍ 13 ടണ്‍ മാരകമായ ഖരമാലിന്യം ലോകത്ത് പുറന്തള്ളപ്പെടുന്നു.
ഈ കണക്കുകളെല്ലാം ഇവിടെ ഉദ്ധരിച്ചത് മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ആരോഗ്യപൂര്‍ണമായ നിലനില്‍പ്പിന് ചേര്‍ന്ന ഒരു വികസന മാതൃകരൂപപ്പെടേണ്ടത് എത്ര അനിവാര്യമാണെന്ന ്ചൂണ്ടിക്കാണിക്കാനാണ്. ഈ വികസന മാതൃകയുടെ ആദ്യ വിത്തുകള്‍ പാകേണ്ടത് കുടുംബങ്ങളില്‍ നിന്ന് തന്നെയാണ്. അപരനെ കുറിച്ച്കൂടിയുള്ള നിസ്വാര്‍ത്ഥമായ അവബോധത്തോടെ ഓരോവ്യക്തിയും അവന്റെ ഉപഭോഗം അല്പം കുറയ്കുമ്പോള്‍ നാം പ്രകൃതിക്ക് മീതെ നമ്മളാല്‍ കഴിയുന്ന ഒരു ചെറുകുട പിടിക്കുക തന്നെയാണ്. ഈ കൊറോണക്കാലത്തെ ക്ലേശങ്ങളും പരിമിതികളും ഈ ഒരു മനോഭാവം നമ്മിലുളവാക്കുന്നതിനുള്ള ഒരു പരിശീലനമായിരിക്കട്ടെ.
സാമ്പത്തിക ആസൂത്രണത്തിനുള്ള പരിശീലനം
‘അര മുറുക്കിയുടുത്ത്’ ജീവിക്കാന്‍ മനുഷ്യന്‍ കിണഞ്ഞു പരിശ്രമിച്ച ദിവസങ്ങളായിരുന്നു ഈ കൊറോണക്കാലത്തിന്റേത്. അനുദിനം ജോലിക്കുപോയി അന്നന്നത്തേക്കുള്ള വക കണ്ടെത്തിയിരുന്ന മനുഷ്യന് അവന്റെ വരുമാന മാര്‍ഗ്ഗം പെട്ടെന്നടഞ്ഞു പോവുക! അതാണിവിടെ സംഭവിച്ചത്. ഓരോ ദിവസത്തേക്കും അത്യാവശ്യത്തിനു മാത്രംചെലവ്‌ചെയ്ത്,
മിച്ചം വരുന്നത് അടുത്ത ദിവസങ്ങളിലേക്ക്കരുതി വയ്ക്കാന്‍ കര്‍ക്കശമായ സാമ്പത്തിക അച്ചടക്കം ഓരോരുത്തരും പാലിച്ചേ മതിയാകൂ എന്നതായിരുന്നു അവസ്ഥ. ഇത് ഒരു ശരാശരി ഭാരതീയനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച പരിശീലനം തന്നെ ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.
പലപ്പോഴും നാം ചിന്തിക്കാറുണ്ട് ഈ ചെറിയ വരുമാനക്കാരന് എന്ത് ബജറ്റ്, എന്ത് ആസൂത്രണം. പ്രശസ്ത സാമ്പത്തികകാര്യ പത്രലേഖകനായ ശ്രീ. റ്റി. സി. മാത്യുവിന്റെ വാക്കുകള്‍, ‘ബജറ്റിനും ആസൂത്രണത്തിനും വരവുമായിട്ടല്ല ബന്ധം; മറിച്ച് ചെലവുമായിട്ടാണ്. ചെലവ് ക്രമീകരിക്കുന്നതിനുള്ള ഉപാധികളായിട്ടാണ് ബജറ്റിനെയും സാമ്പത്തിക ആസൂത്രണത്തെയും കാണേണ്ടത്. ‘ചെലവ്’ സാധ്യമാക്കാനുള്ള വഴി ഒരുക്കുക എന്ന ധര്‍മം മാത്രമേ ‘വരവിന്’ നിര്‍വഹിക്കാനുള്ളൂ. ‘നമ്മുടെ പൊതുവേയുള്ള ധാരണമിച്ചംവരുന്നത് സമ്പാദിക്കുക എന്നതാണ്. മിച്ചമൊന്നുമില്ല സമ്പാദ്യവുമൊന്നുമില്ല. ഈ ധാരണ തിരുത്തപ്പെടണം. സമ്പാദ്യം എത്ര വേണമെന്നാണ്ആദ്യം നിശ്ചയിക്കേണ്ടത്. വരുമാനവും ലക്ഷ്യങ്ങളും തമ്മില്‍ കൂട്ടിക്കിഴിക്കുമ്പോള്‍ ഇത് നിശ്ചയിക്കാം. വരുമാനത്തില്‍ നിന്നും സമ്പാദ്യം ആദ്യം മാറ്റിയിട്ടു വേണം ചെലവുകള്‍ ക്രമീകരിക്കേണ്ടത്. ഈ സമ്പാദ്യം ലൈഫ് ഇന്‍ഷുറന്‍സായോ, ചിട്ടികളായോ, പോസ്റ്റ്ഓഫീസ് സമ്പാദ്യ പദ്ധതികളായോ നിക്ഷേപിക്കാവുന്നതാണ്.
ഇത്തരം ഒരു സാമ്പത്തിക അച്ചടക്കത്തിനും അതുവഴിയായി ചെറുതോവലുതോ ആയ സമ്പാദ്യങ്ങള്‍ നാളെക്കായി കരുതിവയ്ക്കുന്നതിനുമുള്ള ഒരു ചെറിയ പരിശീലനം കൂടിയാണ് കൊറോണക്കാലത്തിന്റെ ബാക്കിപത്രമായി നമ്മുടെ കുടുംബങ്ങളില്‍ അവശേഷിച്ചിരിക്കുന്നത്.
പരസ്പര ആദരവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും
ഈ കോറോണക്കാലത്തിന്റെ മറ്റൊരു ഭാവാത്മക ഫലമായിരുന്നു നന്മകള്‍ തിരിച്ചറിയുന്നതിനും പരസ്പരം ആദരിക്കുന്നതിനുമുള്ളഉള്‍പ്രേരണ. സോഷ്യല്‍ മീഡിയയില്‍ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രമുണ്ടായിരുന്നു. കോവിഡ് രോഗികള്‍ക്കിടയില്‍ 18 ദിവസത്തെസേവനം നിര്‍വഹിച്ച ശേഷം തന്റെ ഫഌറ്റിലേക്ക് മടങ്ങി വന്ന ഒരു ലേഡിഡോക്ടറെ ആ ഫഌറ്റു സമുച്ചയത്തിലെ മുഴുവന്‍ കുടുംബങ്ങളുംതങ്ങളുടെ മട്ടുപ്പാവിലേക്കിറങ്ങി നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കുന്ന കാഴ്ചയായിരുന്നു അത്. അതുകണ്ടു അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നതു കാണുമ്പോള്‍ ആരുടെയും ഹൃദയം ആര്‍ദ്രമാകുമായിരുന്നു. ആരോഗ്യസേവനത്തിനിടയില്‍ സ്വജീവന്‍ സമര്‍പ്പിക്കേണ്ടിവന്ന ഡോക്ടര്‍മാരും നേഴ്‌സുമാരും നിരവധിയാണ്. ലക്ഷങ്ങളാണ് അവരുടെ ത്യാഗസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ചത്. ആരോഗ്യരംഗത്തെ പ്രവര്‍ത്തകരും പോലീസ് സേനയിലെ ഉദ്യോഗസ്ഥരും ആദരിക്കപെടുന്നതിന് നാം ഈ കൊറോണക്കാലത്ത് സാക്ഷ്യം വഹിച്ചു. ഒരുകാര്യം വ്യക്തമാണ് ഉള്ളില്‍ നന്മയുള്ളവരാണ് നമ്മിലേറെയും. അവരെ ഒരുമിപ്പിച്ച് ഒരു നവസമൂഹത്തിന്റെ നിര്‍മിതിക്കു വേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
അതുപോലെ തന്നെ ഈ കൊറോണക്കാലത്ത് ഏറെ ശ്രദ്ധ നേടിയ ഒരു മേഖലയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റേത്. സമൂഹത്തിന്റെ അതിര്‍വരമ്പുകളില്‍ കഴിയുന്നവരെ തേടി ഒരുപാട് നന്മക്കരങ്ങള്‍ എത്തുന്നത് നാം കണ്ടു. അതില്‍ വ്യക്തികളും കുടുംബങ്ങളും കുടുംബയോഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ക്ഷേത്രങ്ങളും മസ്ജിദുകളും പള്ളികളും ഗുരുദ്വാരകളും എല്ലാമുണ്ടായിരുന്നു. മനുഷ്യസമൂഹമൊന്നാണെന്ന് തിരിച്ചറിഞ്ഞ കുറെയേറെപ്പേരെ കണ്ടെത്തിയ ദിവസങ്ങളായിരുന്നു ഇവ. ഹൃദയത്തെ ആര്‍ദ്രമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുടുംബജീവിതത്തില്‍ ഏറെ സദ്ഫലങ്ങള്‍ ഉളവാക്കുവാന്‍ പോരുന്നവയാണ്. കുടുംബങ്ങളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരോട് ഹൃദയാര്‍ദ്രതയോട് പെരുമാറാന്‍ ഈ മനോഭാവം പുതുപ്രേരണ നല്‍കുന്നു. ഈ നന്മകള്‍ നമ്മുടെ ശീലമാകണം. നാം ശീലിച്ച നന്മകള്‍ക്ക് നൈരന്തര്യം ഉണ്ടാകട്ടെ.
വായനയോടും മാധ്യമങ്ങളോടും ആരോഗ്യപൂര്‍ണമായ സമീപനം
സമയമേറെ ലഭിച്ചപ്പോള്‍ ദിനപ്പത്രങ്ങളിലേക്കും ആനുകാലികങ്ങളിലേക്കും നവമാധ്യമങ്ങളിലേക്കും നിരവധിപേര്‍ തിരിയുന്നത് ഇക്കാലത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. പാഠഭാഗങ്ങള്‍ക്കതീതമായി നല്ല പുസ്തകങ്ങളും ആനുകാലികങ്ങളും തെരഞ്ഞെടുത്ത് വായിക്കുന്ന വിദ്യാര്‍ത്ഥികളെ ഏറെ നാം കണ്ടു. വൃദ്ധരായ മുത്തശീമുത്തശ്ശന്മാര്‍ക്കരികിലിരുന്ന് നല്ലകൃതികള്‍ അവരെ വായിച്ചുകേള്‍പ്പിക്കുന്ന കൊച്ചുമക്കളെയും കാണാന്‍ കഴിഞ്ഞു. ഡോ. എം. വി.തോമസിന്റെ വാക്കുകള്‍, ”വായിക്കുന്നവരുടെ ഒരു കുടുംബത്തെപ്പറ്റി ഫ്രഞ്ച്’ ഭരണാധികാരിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് (1769-1821) പറഞ്ഞത് ഇപ്രകാരമാണ്, – വായിക്കുന്നവരുടെ ഒരു കുടുംബത്തെ എനിക്ക് കാണിച്ചു തരിക, അപ്പോള്‍ ലോകത്തെമുന്നോട്ട് നയിക്കുന്ന ആളുകളെ ഞാനും കാണിച്ചു തരാം- വായിക്കുന്നവരാണ് ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നത്.”
ലോക്ക് ഡൗണ്‍ കാലത്തു നല്ല പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ച അനേകരെ എനിക്കറിയാം. അതോടൊപ്പം എഴുത്തിലും ചിത്രരചനയിലും നൃത്തത്തിലുമൊക്കെയുള്ള തങ്ങളുടെ സര്‍ഗ്ഗവാസനകള്‍ പൊടിതട്ടിയടുത്ത് ഈ രംഗങ്ങളില്‍ മികച്ച പരിശ്രമങ്ങള്‍ നടത്തിയവരും നമുക്കിടയിലുണ്ട്. അപ്രകാരം സര്‍ഗാത്മക വാസനകള്‍ക്ക് ചിറകുമുളച്ച ഒരു കാലയളവ് കൂടിയായിരുന്നു ഇത്.
ദൃശ്യ മാധ്യമങ്ങളില്‍ നിന്നും നവമാധ്യമങ്ങളില്‍ നിന്നും സാമൂഹികമാധ്യമങ്ങളില്‍ നിന്നും ഏറെ നന്മയുണ്ടാകുന്നതും നാം കണ്ടു. തിരുവില്ല്വാമലയില്‍ ആരാലും അറിയപ്പെടാതെ കഴിഞ്ഞിരുന്ന സനിഗ എന്ന ആറാം ക്ലാസ്സുകാരിയുടെ മനോഹര ഗാനാലാപനത്തെ പ്രശംസിച്ചു കൊണ്ടും പ്രോത്സാഹിപ്പിച്ചു കൊണ്ടും എം.ജയചന്ദ്രനും എം.ജി. ശ്രീകുമാറും വേണുഗോപാലും ഒക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നുവന്നത് ഈ കൊറോണക്കാലത്തായിരുന്നു.
ഗാനാലാപന ശേഷി മാത്രം കൈമുതലാക്കി കൊണ്ട്‌വാടക വീട്ടില്‍കഴിഞ്ഞിരുന്ന ആ കൊച്ചു കുടുംബത്തിന് കൈത്താങ്ങായി ലോകത്തിന്റെ നാനാഭാഗത്തു നിന്നും അനേകരെത്തിയതും സാമൂഹിക മാധ്യമത്തിന്റെ നന്മയായിരുന്നു. അവശരെയും ആര്‍ത്തരെയും സംരക്ഷിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെയും നമ്മുടെ മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് പണം വരുന്നതിനും ഈ കൊറോണക്കാലത്ത് നവമാധ്യമങ്ങളുപകരിച്ചു. വായനയോടും മാധ്യമങ്ങളോടും നാം സ്വീകരിച്ച ഈ ആരോഗ്യപൂര്‍ണമായ സമീപനം നിലനിര്‍ത്തുക തന്നെ വേണം. അത് കുടുംബത്തിന്റെ നന്മയ്ക്കും നവസമൂഹത്തിന്റെ സൃഷ്ടിക്കും അനിവാര്യമാണ്.
വേദവായനയും പ്രാര്‍ത്ഥനയും
അവസാനത്തേതായി സൂചിപ്പിക്കുന്നുവെങ്കിലും പ്രഥമ പരിഗണന അര്‍ഹിക്കുന്ന മറ്റൊരു സദ്ഫലമായിരുന്നു ഇത്. ദേവാലയങ്ങളും മസ്ജിദുകളും ക്ഷേത്രങ്ങളും ഒക്കെ അടച്ചിട്ടപ്പോള്‍ കുടുംബത്തിന്റെഅകത്തളങ്ങള്‍ ദേവാലയങ്ങളായി പരിണമിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഇവിടെയും ദൃശ്യമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും കുടുംബങ്ങള്‍ക്ക് ഏറെ പിന്തുണയേകി. വീട്ടിലെസൗകര്യങ്ങളൊരുക്കി മാധ്യമങ്ങളിലൂടെയുള്ള ദൈവാരാധനയില്‍ പങ്കുചേരാന്‍കുടുംബങ്ങള്‍ ഏറെ തീക്ഷ്ണത പ്രകടിപ്പിച്ചു. അതോടൊപ്പം ഗാനങ്ങളാലപിച്ചും യാമപ്രാര്‍ത്ഥനകള്‍ നടത്തിയും ജപമാല തുടങ്ങിയ ഭക്തകൃത്യങ്ങളിലേര്‍പ്പെട്ടും കൊറോണക്കാലത്തെ അര്‍ത്ഥപൂര്‍ണമാക്കിയവര്‍ അനവധിയാണ്. വിശുദ്ധ ഗ്രന്ഥപാരായണത്തിലും ധ്യാനത്തിലും ഏറെ സമയം ചെലവഴിച്ച കുടുംബങ്ങളെയുമെനിക്കറിയാം. നവമാദ്ധ്യമങ്ങളിലെ കുടുംബ ശൃംഖലകളിലൂടെ പരസ്പരം ആത്മീയമായി സഹായിച്ചവരുമുണ്ട്. വ്യക്തിപരമായും കുടുംബങ്ങളായും ആത്മീയ വളര്‍ച്ചയ്ക്കുപകരിച്ച ഒരു കാലയളവായിരുന്നു ഇതെന്ന് അനേകര്‍ സാക്ഷിക്കുന്നു. കൊറോണക്കാലം നമുക്ക് നല്‍കിയ ആത്മീയശീലങ്ങളും ചിട്ടകളും തുടരുക തന്നെ വേണം. ഇക്കാലയളവിന് ശേഷം ദേവാലയങ്ങള്‍ തുറന്നു നാം അവിടെയെത്തുമ്പോഴും നമ്മുടെ വ്യക്തിപരമായ ആധ്യാത്മിക ജീവിതം അതിന്റെചിട്ടകളോടും ക്രമങ്ങളോടും തുടരുക തന്നെ വേണം. നമ്മുടെ വ്യക്തിപരമായ ആധ്യാത്മികതയുടെ സമ്പൂര്‍ണ സമര്‍പ്പണമാവണംദേവാലയത്തിലെ ആരാധന. അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും ഈ സമ്പൂര്‍ണ സമര്‍പ്പണത്തിലേക്കാവണം നമ്മെ നയിക്കേണ്ടത്.
ഉപസംഹാരം
കൊറോണക്കാലം ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപെടുത്തിക്കൊണ്ടാണ് കടന്നു പോകുന്നത്. പക്ഷേ മാനവജനതയ്‌ക്കൊന്നാകെ ഒരു ട്യൂട്ടോറിയലിന്റെ കാലംകൂടിയായിരുന്നു ഇത്. സംശുദ്ധമായ അന്തരീക്ഷത്തില്‍ പ്രകൃതി ആനന്ദക്കണ്ണീര്‍ പൊഴിച്ചകാലം. ഈ കാലംദുഃഖം സമ്മാനിച്ചവരെ ആശ്വസിപ്പിക്കുവാന്‍ നമുക്കാവട്ടെ. അഭ്യസിച്ച നല്ല ശീലങ്ങള്‍ ജീവിത പ്രമാണങ്ങളായി പിന്തുടരുവാന്‍ നമുക്ക് കഴിയട്ടെ. ശാരീരിക അകലം മനസ്സുകളെ ഒരുമിപ്പിക്കട്ടെ. നന്മനിറഞ്ഞ മനോഭാവങ്ങളും സുമനസ്സുകളും ഒരുമിക്കട്ടെ. ഒരു നവസമൂഹസൃഷ്ടി സാധ്യമാകട്ടെ. അതായിരിക്കട്ടെ ഈ കൊറോണ കാലത്തിന്റെ ബാക്കിപത്രം.