കൊറോണയുടെ ആരംഭകാലത്ത് തന്നെ തെളിഞ്ഞിരുന്നതാണ്, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തവര്‍ക്ക് കൊറോണ ബാധ ഉണ്ടായാല്‍ ചികിത്സിച്ച്‌ മാറ്റുവാന്‍ താരതമ്യേന എളുപ്പമാണെന്ന്. ഹൃദയം, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കാണ് കോവിഡ് 19 കൂടുതല്‍ മാരകമായി മാറുന്നത് എന്നായിരുന്നു ആദ്യകാല നിഗമനം. എന്നാല്‍ ഈയിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് പ്രമേഹമുള്ളവര്‍ കൊറോണ ബാധിച്ചാല്‍ മരണത്തിന് കീഴടങ്ങാനാണ് കൂടുതല്‍ സാദ്ധ്യത എന്നാണ്.

ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, ഇവിടങ്ങളില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കാല്‍ ഭാഗത്തോളം പ്രമേഹ രോഗികളായിരുന്നു എന്നാണ്. ഇതിനോടൊപ്പം, ഇതാദ്യമായി എന്‍ എച്ച്‌ എസ്‌കോവിഡ് മൂലം മരിച്ചവര്‍ക്കുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേവലം അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നത്.

മാര്‍ച്ച്‌ 31 മുതല്‍ക്കാണ്, കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അന്നുമുതല്‍ ഉണ്ടായിട്ടുള്ള 22,332 മരണങ്ങളില്‍ 5,873 പേര്‍ക്ക് പ്രമേഹം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് മൊത്തം മരണങ്ങളുടെ 26% വരും. ഏകദേശം 4 ദശലക്ഷത്തോളം പ്രമേഹരോഗികളാണ് ബ്രിട്ടനില്‍ ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പ്രതിരോധ ശേഷി കുറയ്ക്കുകയും സാര്‍സ്-കോവിഡ്-2 വിന് എതിരായി വളരെ മന്ദഗതിയില്‍, ദുര്‍ബലമായി മാത്രം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉളവാകുകയും ചെയ്യും. ഇതാണ് പ്രമേഹ രോഗികള്‍ കൂടുതലായി മരണത്തിന് അടിമപ്പെടാന്‍ കാരണം.

ചാരിറ്റി ഡയബെറ്റിക്സ് യു കെ യുടെ പഠനം വെളിവാക്കുന്നത് പ്രമേഹം, അമിതവണ്ണവും ഒരു വ്യക്തിയുടെ വംശപരമ്ബരയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇന്ത്യന്‍ വംശജര്‍ക്ക് പ്രമേഹത്തിനുള്ള സാദ്ധ്യത മറ്റുള്ളവരേക്കാള്‍ നാലിരട്ടിയാണ്.അതേ സമയം പാക് വംശജര്‍ക്ക് ഇത് അഞ്ചിരട്ടിയും. ആഫ്രിക്കന്‍ വംശജര്‍ക്ക് മൂന്നിരട്ടി സാദ്ധ്യതയാണ് ഉള്ളതെന്നും ചാരിറ്റി ഡയബെറ്റിക്സ് പറയുന്നു. എന്നാല്‍ കോവിഡ്19 മൂലം മരണമടയുവാനുള്ള സാദ്ധ്യത കൂടുതലുള്ളത് ആഫ്രിക്കന്‍ വംശജര്‍ക്കാണെന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കാന്‍സര്‍ പോലുള്ള മാരക രോഗമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയുമ്ബോള്‍ പ്രമേഹ രോഗികള്‍ ദൈനംദിന കായികാഭ്യാസത്തിനും മറ്റുമായി പുറത്തേക്ക് പോകുന്നത്, രോഗം പടരുന്നതിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഡിമെന്‍ഷ്യാ അഥവാ മറവിരോഗമുള്ളവരാണ്. മൊത്തം മരണസംഖ്യയില്‍ ഏകദേശം 18% വരും ഇക്കൂട്ടര്‍. മൂന്നാം സ്ഥാനത്തുള്ളത് ശ്വാസകോശ രോഗമുള്ളവരും.

മരണമടഞ്ഞവരില്‍ 14% പേര്‍ വൃക്ക സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും 10% പേര്‍ ഹൃദ്രോഗികളും 7% പേര്‍ ആസ്ത്മ രോഗികളുമാണെന്നും പഠനം വെളിപ്പെടുത്തുന്നു.