കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശിവകുമാറിന് രോഗം കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി. താനുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പെട്ടവരോട് ജാഗ്രത പുലര്‍ത്താനും ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം മാറ്റി വെച്ചതായി ഞായറാഴ്ച്ച ശിവകുമാര്‍ ട്വീറ്റ് ചെയ്‌തിരുന്നു.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, വനം മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബിസി പാട്ടീല്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

കര്‍ണാടകത്തില്‍ ഇതുവരെ 3.61 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1.97 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 81,230 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ചു 4810 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 127 പേര്‍ മരിച്ചിരുന്നു.