കാസ‌ര്‍കോട്: ഗ്രൂപ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തതെന്ന ആരോപണവുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്‍റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസില്‍ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണ് . പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരുമെന്ന് ഉണ്ണിത്താന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു