കോട്ടയം വൈക്കത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. വൈക്കം ക്ഷേത്രത്തിനും വലിയ രീതിയില്‍ കേടുപാടുകള്‍ ഉണ്ടായി. പ്രദേശത്തെ വൈദ്യുതി വിതരണവും ഗതാഗതവും തകരാറിലായി.

ഇന്നലെ രാത്രിയോടെ ആരംഭിച്ച കാറ്റിലും മഴയിലുമാണ് വ്യാപക നാശനഷ്ടം വൈക്കത്ത് ഉണ്ടായത്. 65ഓളം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി. 40 വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. ട്രാന്‍സ്ഫോമറുകള്‍ അടക്കം തകര്‍ന്നതോടെ വൈദ്യതി വിതരണവും തടസ്സപ്പെട്ടു.

വൈക്കം ക്ഷേത്രത്തിനും വലിയ കേടുപാടുകള്‍ സംഭവിച്ചു. അലങ്കാര ഗോപുരം പൂര്‍ണ്ണമായും തകര്‍ന്നു. ഊട്ടുപുര വലിയടുക്കള ആനത്തൊട്ടില്‍ എന്നിവയ്ക്കും കേടുപാടുകള്‍ ഉണ്ടായി. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നാശനഷ്ടത്തിന്‍റെ കണക്കെടുത്തുവരികയാണ്. കോട്ടയം ജില്ലയുടെ മറ്റ് മേഖലകളിലും ശക്തമായി മഴ പെയ്യുന്നുണ്ട്.