ബെയ്ജിംഗ്: കോവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് ചൈന. കോവിഡിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടികള്‍ വിശകലനം ചെയ്യുന്നതിനേയും ചൈന പിന്തുണക്കും.
ഇതു സംബന്ധിച്ച് മറ്റു രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഏറിയതോടെയാണ് ചൈനയുടെ തീരുമാനം. ജനീവയില്‍ ആരംഭിച്ച ലോകാരോഗ്യ സംഘടന അസംബ്ലി മുന്‍പാകെ ഇന്ത്യ ഉള്‍പ്പെടെ 120ഓളം രാജ്യങ്ങളാണ് കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍തന്നെ ഉത്തരവാദിത്വത്തോടെയാണ് ചൈന പ്രവര്‍ത്തിച്ചതെന്ന് അസംബ്ലിയില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് വ്യക്തമാക്കി. ചൈനയുടെ നടപടികള്‍ സുതാര്യവും വ്യക്തതയുള്ളതുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരായ ആഗോള പ്രതികരണങ്ങളെകുറിച്ച് സമഗ്രമായ വിശകലനം വേണമെന്ന ആവശ്യത്തെയും പിന്തുണക്കുന്നു. എന്നാല്‍, ലോകം ഈ മഹാമാരിയുടെ പിടിയില്‍ നിന്ന് മോചിതമായതിനുശേഷമാകും അത്തരമൊരു പഠനം നല്ലത്. ഇപ്പോള്‍ ലോകത്തിന്റെ അടിയന്തര ശ്രദ്ധ ജനങ്ങളെ രക്ഷിക്കുന്നതിനായിരിക്കണമെന്നും ഷി ജിന്‍പിംഗ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന അമേരിക്കയുടെയും ഓസ്ട്രേലിയയുടെയും ആവശ്യം നിരാകരിച്ച ചൈന ലോകാരോഗ്യ അസംബ്ലിയിലെ പ്രമേയത്തിനു മുന്‍പാകെ മറ്റുമാര്‍ഗമില്ലാതെയാണ് അന്വേഷണത്തിന് സമ്മതം മൂളിയത്.
ലോകാരോഗ്യ സംഘടനയുടെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി. ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വലായാണ് അസംബ്ലി ചേര്‍ന്നത്.