ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച്‌ വരികയാണ്. ഇന്നലെ മാത്രം 600 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 6000 കവിഞ്ഞു. ചെന്നൈയില്‍ മാത്രം 3043 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ മരിച്ചത്.

അതേസമയം സംസ്ഥാനത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്. പത്തിലധികം ഡോക്ടര്‍മാര്‍, നാല് നഴ്സുമാര്‍, അറുപതോളം പോലീസുകാര്‍, പത്തിലേറെ ശുചീകരണത്തൊഴിലാളികള്‍, വൈദ്യുതി ബോര്‍ഡിലെ 20 ജീവനക്കാര്‍, അഗ്‌നിശമനസേനയിലെ പത്തോളം ജീവനക്കാര്‍, അമ്ബതോളം മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചെന്നൈയിലെ കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്ന് ആയിരത്തോളം പേര്‍ക്ക് വൈറസ് പടര്‍ന്നു. നിലവില്‍ കോയമ്ബേട് മാര്‍ക്കറ്റില്‍ വന്നുപോയ 6900 പേര്‍ നിരീക്ഷണത്തിലാണുള്ളത്. ഇതുവരെ വൈറസ് ബാധ
ഇല്ലാതിരുന്ന അരിയല്ലൂര്‍പോലുള്ള ജില്ലകളിലേക്കുകൂടി രോഗം വ്യാപിച്ചിരിക്കുകയാണ്. നാല് ദിവസത്തിനുള്ളില്‍ മാത്രം മൂവായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.