ലോകമാസകലം കൊവ്ഡ 19 പടരുന്നതിനിടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 42,836 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 1,389 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2573 പേര് രോഗബാധിതരാവുകയും 83 പേര്‍ക്ക് ജീവഹാനി നേരിടുകയും ചെയ്തു. അതേസമയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ കണക്കുകള്‍ പ്രകാരം 11,762 പേര് രോഗമുക്തരായി.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. 14,541 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 35 പേര് മരിക്കുകയും 711 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ച് 583 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മുംബൈ ജെ ജെ മാര്‍ഗ് പോലിസ് സ്റ്റേഷനില്‍ 6 സബ് ഇന്‍സ്പെക്ടര്‍മാര്‍ അടക്കം 12 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 349 പുതിയ കൊവിഡ് കേസുകളാണുണ്ടായത്. ഇതോടെ ഇവിടുത്തെ
ആകെ കൊവിഡ് കേസുകളുടെ എണ്ണം 4898. ഇന്ന് 69 പേര് രോഗമുക്തി നേടി.ദില്ലിയില്‍ ആകെ രോഗമുക്തി നേടിയവര്‍ 1431 ആയി. തമിഴ്നാട്ടില്‍ രോഗബാധിതര്‍ ഇരട്ടിക്കുകയാണ്. ഇന്ന് മാത്രം 577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഉള്‍പ്പടെ ഇരുപത്തിരണ്ട് പൊലീസുകാര്‍ രോഗബാധിതരായി.കോയമ്ബേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച പതിനായിരത്തിലധികം പേരെ നിരീക്ഷണത്തിലാക്കി. ചെന്നൈയില്‍ ചില്ലറ വില്‍പ്പന നടത്തുന്ന കച്ചവടക്കാരിലും കൊവിഡ് സ്ഥിരീകരിച്ചു.
അതേ സമയം കൊവിഡ് വാക്സിന് വൈകാതെ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാശ പ്രകടിപ്പിച്ചു. ചേരിചേരാ ഉച്ചകോടിയില്‍ കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നരേന്ദ്രമോദി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് സമൂഹവ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷ നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിച്ചു. ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക് ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.