കല്‍പറ്റ: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായി പനവല്ലി മേഖലയിലെ കോളനികളില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശിയായ 36കാരന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ഒന്നാം സമ്ബര്‍ക്ക പട്ടികയില്‍ 78 പേരുണ്ട്. മേഖലയിലെ കൊല്ലി, സര്‍വ്വാണി, കുണ്ടറ കോളനികളിലെ 340ഓളം ആളുകളും പൊതുവിഭാഗത്തിലെ 260ഓളം പേരും ആരോഗ്യവകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

കോളനികളില്‍ നിന്നു പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഊരുമിത്രം ആശ വര്‍ക്കര്‍മാര്‍ പനി സര്‍വ്വേ നടത്തും. ഓരോ കോളനികളിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല അതാത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കി.

കോളനികളിലെ തന്നെ 65 വയസ്സിന് മുകളിലുള്ളവര്‍, കിടപ്പിലായ രോഗികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, സിക്കിള്‍ സെല്‍ രോഗികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നീ വിഭാഗങ്ങളെ ഹൈ റിസ്‌ക് ഗ്രൂപ്പുകളായി തിരിച്ച്‌ പട്ടികതയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്തും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് സൗകര്യങ്ങളില്ലാത്ത ആളുകളെ തിരുനെല്ലി പഞ്ചായത്തിലെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ട്രൈബല്‍ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന സംഘം തിരുനെല്ലി പഞ്ചായത്തില്‍ ക്യാംപ് ചെയ്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒ.ആര്‍ കേളു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് മായാദേവി തുടങ്ങിയവര്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്.