കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.
കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. ആളുകള്‍ കൂടി ചേരുന്നത് ഒഴിവാക്കണം. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൊവിഡ് നിയന്ത്രണത്തിന് അടിയന്തര ശ്രദ്ധ പുലര്‍ത്തും. മലപ്പുറം ജില്ലയില്‍ തിരൂര്‍,താനൂര്‍,കുറ്റിപ്പുറം, വളാഞ്ചേരി എന്നിവടങ്ങളില്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സമ്പര്‍ക്കത്തിലൂടെയാണ് ഇരു ജില്ലകളിലും രോഗ വ്യാപനം. കോഴിക്കോട് ഇന്നലെ 883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റില്‍ അടിയന്തര യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനമെടുത്തത്. മാര്‍ക്കറ്റുകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ആള്‍ക്കൂട്ടം കൂടി ചേരുന്നത് ഒഴിവാക്കും. ഇതിനായി ജില്ലാ കളക്ടറുടെ മജിസ്റ്റീരിയല്‍ അധികാരം ഉപയോഗിക്കും.

മലപ്പുറം ജില്ലയില്‍ തിരൂര്‍, താനൂര്‍, കുറ്റിപ്പുറം, വളാഞ്ചേരി എന്നിവടങ്ങളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താനൂരില്‍ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ മാത്രമെ വ്യാപര സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടുള്ളൂ. കുറ്റിപ്പുറത്ത് പൊതു പരിപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി, വിവാഹം അടക്കമുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നു.