ആദ്യ കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രാലയം ഉന്നതാധികാര സമിതിയെ അറിയിച്ചു. കൊവിഡ് വാക്സിനുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ രാജ്യം അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെ ആണ് നടപടി. ഉന്നതാധികാര സമിതിയുടെ ഭാഗമായ വിവിധ വകുപ്പുകള്‍ ഇതിനായി തങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചാല്‍ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കും.
ഏതാനും കൊവിഡ് വാക്സിനുകള്‍ക്ക് വരുന്ന ആഴ്ചകളില്‍ രാജ്യം അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് നടപടി. അടിയന്തിരമായി ഇത്തരം ഒരു വാക്‌സിന്‍ അനുവദിക്കേണ്ടി വരുന്ന സാഹചര്യം ആദ്യമായാണ് ആണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കീഴ്‌വഴക്കങ്ങള്‍ ഒന്നും നിലവിലില്ല. വിവിധ മന്ത്രാലയങ്ങളുടെ ഒരുക്കങ്ങളും സഹായവും പൂര്‍ത്തിയായാലെ വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാകൂ. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച പ്രതിരോധമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ആരോഗ്യമന്ത്രാലയം സമീപിച്ചത്.
കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെകും ആണ് അനുമതി തേടിയിട്ടുള്ളത്. ആറ് വാക്സിനുകള്‍ നിലവില്‍ രാജ്യത്ത് പരീക്ഷണ ഘട്ടത്തിലാണ്. വാക്സിന്‍ ഉത്പാദനത്തിനും അത് എല്ലാവര്‍ക്കും എത്തിക്കുന്നതിനുമുള്ള എല്ലാ മുന്നൊരുക്കങ്ങളും ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കും.
രാജ്യത്തെ ഓക്സിലറി നഴ്സ് മിഡ്വൈഫ്മാരിലെ 1.54 ലക്ഷം പേരുടെ സേവനം വാക്‌സിന്‍ വിതരണത്തിന് വേണ്ടിവരും എന്നാണ് ഇപ്പോഴത്തെ നിഗമനം. കൊവിഡ് വാക്സിന്‍ ആദ്യം നല്‍കുന്നത് മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍ നിര പോരാളികള്‍ക്കും ആയിരിക്കും. ആവശ്യമുള്ള വാക്സിന്‍ സംഭരിക്കാനുള്ള ശീതീകരണ സംവിധാനങ്ങള്‍ നിലവില്‍ രാജ്യത്തുണ്ട്. എല്ലാ വശങ്ങളും പരിഗണിച്ച് ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ഉന്നതാധികര സമിതി വാക്‌സിന്‍ പ്രഖ്യാപിക്കാന്‍ ആരോഗ്യമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യും.