മുംബൈ: മുംബൈയില്‍ കൊവിഡ് രോഗ ലക്ഷണങ്ങളോടെ മരണപ്പെട്ടയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായെന്നു പരാതി. നവിമുംബൈയില്‍ ഉള്‍വയില്‍ താമസിക്കുന്ന ഉമര്‍ ഫാറൂഖ് ഷെയ്ഖി(29)ന്റെ മൃതദേഹമാണ് കാണാതായത്. കൊവിഡ് പരിശോധനാ ഫലം പുറത്തുവരികയും നെഗറ്റീവാണെന്നു വ്യക്തമായി മൃതദേഹം കൊണ്ടുപോവാന്‍ ബന്ധുക്കളെത്തുകയും ചെയ്തപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് മനസിലായത്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

ഇക്കഴിഞ്ഞ മെയ് 9നാണ് കൊവിഡ് ലക്ഷണങ്ങളോടെ ഉമര്‍ ഫാറൂഖ് ഷെയ്ഖ് വീട്ടില്‍ മരണപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തിനു കൊവിഡുണ്ടോ എന്ന് പരിശോധിച്ച ശേഷം മൃതദേഹം സംസ്‌കരിച്ചാല്‍ മതിയെന്ന് പോലിസ് അറിയിച്ചു. മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച ഇയാള്‍ക്ക് കൊവിഡില്ലെന്ന പരിശോധനാഫലം വന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കളെത്തിയപ്പോഴാണ് കാണാനില്ലെന്ന മറുപടി ലഭിച്ചത്. മൃതദേഹം കൊണ്ടുവന്നപ്പോള്‍ പോലിസ് തിരിച്ചറിയല്‍ ടാഗ് അണിയിച്ചിരുന്നില്ലെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മൃതദേഹം കൈമാറിയതിനാലാണ് വീഴ്ചയുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിക്കെതിരേ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കോസ്റ്റല്‍ പോലിസ് അറിയിച്ചു.