തിരുവനന്തപുരം: കൊവിഡ് മറച്ചുവെച്ച തിരുവനന്തപുരം കൈതമുക്ക് സ്വദേശിക്കെതിരെ കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് അമ്ബത്തി നാലുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.

ചെന്നെയില്‍ നിന്ന് എത്തിയ ഇയാള്‍ ചെങ്കല്‍പ്പെട്ട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്നു. രോഗം ഭേദമാകാതെ ഡിസ്ചാര്‍ജ്ജ് വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തുകയായിരുന്നു. രോഗവിവരമോ, ചികിത്സാ വിവരമോ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം നടപ്പിലാക്കുകയാണ്. പത്തുദിവസത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. നാളെ മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അറിയിച്ചിട്ടുണ്ട്.