അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവത്തില്‍ ഒരു മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ശ്രീകാകുളത്തെ പലാസ മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന ഉദയപുരത്താണ് സംഭവം നടന്നത്. കോവിഡ് ബാധിച്ച്‌ മരിച്ച 72 കാരന്റെ മൃതദേഹമാണ്സംസ്കരിക്കാനായി ജെസിബിയില്‍ കയറ്റി എത്തിച്ചത്.

പിപിഇ കിറ്റുകള്‍ ധരിച്ച മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ മൃതദേഹം ജെസിബിയുടെ മുന്നിലുള്ള ഭാഗത്ത് വെച്ച്‌ കൊണ്ടുവരികയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പലാസ മുന്‍സിപ്പല്‍ കമ്മീഷണറായ സി നാഗേന്ദ്ര കുമാറേയും സാനിട്ടറി ഇന്‍സ്പെക്ടറേയും ജില്ലാ കളക്ടര്‍ സസ്പെന്റ് ചെയ്തു. വിഷയത്തില്‍ കളക്ടര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍സിപ്പാലിറ്റിയിലെ ജീവനക്കാരന്‍ തന്നെയാണ് മരിച്ചത്. അസുഖബാധിതനായി വീട്ടിലായിരുന്നു മരണം. ജില്ലാ ഭരണകൂടം വീടുകളില്‍ നടത്തുന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി പറയുന്നത്. മരിച്ചതിന് ശേഷമായിരുന്നു പരിശോധനാ ഫലം വരുന്നത്. മൃതദേഹം ജെസിബിയില്‍ കടത്തിയ സംഭവത്തില്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവും രൂക്ഷമായാണ് പ്രതികരിച്ചത്. മരിച്ചവര്‍ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും, മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതില്‍ സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വരാഞ്ഞതിനാല്‍ മറവ് ചെയ്യുകയായിരുന്നു എന്നാണ്‌ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം.