കല്‍പ്പറ്റ: വയനാട്ടിലെ മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റൈന്‍ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സര്‍വാണി എന്നീ കോളനികളില്‍ ഉള്ളവരെയാണ് ക്വാറന്റൈന്‍ ചെയ്തത്. ഇവിടെ കൊവിഡ് ഭീഷണി നിലനല്‍ക്കുന്നുണ്ട്.

ട്രക്ക് ഡ്രൈവറുടെ മകളുടെ ഭര്‍ത്താവ് നടത്തിയിരുന്ന ചായക്കടയിലും പലചരക്ക് കടയിലും കോളനികളില്‍ ഉള്ളവരില്‍ ഏറെ പേരും എത്തിയിരുന്നതായാണ് വിവരം. കോളനികളിലെ ജീവിത രീതി അനുസരിച്ച്‌ ഒരാളില്‍ വൈറസ് ബാധിച്ചാല്‍ രോഗപ്പകര്‍ച്ച വളരെ വേഗത്തിലാകാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല ആദിവാസി വിഭാഗക്കാരിലേറെയും പോഷകാഹാരക്കുറവും വിളര്‍ച്ചയുമുളളവരുമാണ്. നിലവില്‍ സമ്ബര്‍ക്കപ്പട്ടികയിലുള്ള മൂന്ന് കോളനികളും അഡിയ വിഭാക്കാരുടേതാണ്.

പോഷകാഹാരക്കുറവും വിളര്‍ച്ചയും അമിത മദ്യപാനം സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങളുമുളള ഒരു വിഭാഗത്തിലേക്ക് കൊവിഡ് എത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സന്ദര്‍ശകരെ പൂര്‍ണമായും വിലക്കി കോളനികളില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.