കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊല കേസ് പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതിയിലാണ് ജോളി അപേക്ഷ നല്‍കിയത്.

വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ താത്പര്യമുള്ള വിചാരണ തടവുകാര്‍ അപേക്ഷ നല്‍കണമെന്ന് ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. തുടര്‍ന്നാണ് ജോളി ജയില്‍ അധികൃതര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്. അതേസമയം ജോളിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന വിചാരണ തടവുകാര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിയ്ക്ക് ഇത് അനുവദിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.