തിരുവനന്തപുരം: പ്രവാസികളോട് സര്‍ക്കാര്‍ വിവേചനപരമായി പെരുമാറുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസികളേയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രവാസികളെ കൊണ്ടുവരുന്നതില്‍ നാട്ടുകാരില്‍ എതിര്‍പ്പ് സൃഷ്ടിക്കുകയാണ്. രോഗവ്യാപനത്തെക്കുറിച്ച് ഭീതി സൃഷ്ടിക്കുവെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് മൂന്നുദിവസമേ ആയുസ്സുള്ളൂ. മഹാഭൂരിപക്ഷം പേര്‍ക്കും പരിശോധന ചെലവ് താങ്ങാനാവില്ല. സര്‍ട്ടിഫിക്കറ്റ് സമയപരിധി മാറ്റണം. ഇല്ലെങ്കില്‍ പ്രവാസികള്‍ അന്യനാട്ടില്‍ മരിക്കുന്ന സ്ഥിതിയാകും. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും കൊണ്ടുവരണമെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. പല രാജ്യങ്ങളിലും പരിശോധന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതനുസരിച്ച് മാത്രമേ പ്രവാസികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ നിബന്ധന വെച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ നിബന്ധന ഇല്ല. അവിടെ നിന്ന് വരുന്നവര്‍ക്കും രോഗമുണ്ടെന്ന് സര്‍ക്കാര്‍ രേഖകളുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.